പുതുക്കാട് : ദേശീയപാതയിൽ പരീക്ഷണ ടാറിംഗ് നടത്തിയ ആന്പല്ലൂർ മുതൽ നന്തിക്കര വരെയുള്ള സ്ഥലത്ത് രണ്ടുമണിക്കൂറിനിടെ പത്തോളം വാഹനങ്ങൾ അപകടത്തിൽപെട്ടു. രാവിലെ എട്ടു മണിയോടെ നന്തിക്കര പെട്രോൾ പന്പിന് സമീപം മലപ്പുറത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മിനി ടെന്പോ ബ്രേക്ക് ചെയ്തതിനെ തുടർന്ന് മറിഞ്ഞു. അര മണുക്കൂറിനുശേഷം ഇതേ സ്ഥലത്ത് പാലക്കാട്ടുനിന്നും പെരുന്പാവൂരിലേക്ക് കള്ളുകൊണ്ടു പോവുകയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞു. ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. ഈ അപകടം കണ്ട് ബ്രേക്ക് ചെയ്ത ഇരുചക്രവാഹനവും തെന്നി മറിഞ്ഞു.
രാവിലെ 8.15ന് ആന്പല്ലൂർ സിഗ്നലിൽ നാലുകാറുകളും ഒരു മിനി ടെന്പോയും അപകടത്തിൽപെട്ടു. സിഗ്നലിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാർ വന്നിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ സ്ത്രീയെ പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്പല്ലൂർ കെഎസ്ആർടിസി സ്റ്റാന്റിന് സമീപം വടക്കാഞ്ചേരിയിൽനിന്ന് എറണാകുളത്തേക്കു പോയിരുന്ന ഇന്നോവ കാർ ബ്രേക്ക് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറി. ആർക്കും പരിക്കില്ല.
മഴ പെയ്താൽ ദേശീയപാത അപകടപാതയാകുകയാണ് ഇപ്പോൾ. പരീക്ഷണ ടാറിംഗിന് ശേഷം ദിവസേന നിരവധി അപകടങ്ങളാണ് ദേശീയപാതയിൽ ഉണ്ടാകുന്നത്. അറ്റകുറ്റപ്പണിയിൽ ബലക്ഷയമുള്ള ഭാഗങ്ങൾ മൈക്രോ സർഫേസിങ്ങ് നടത്തി ബലപ്പെടുത്തുകയാണ് ടോൾ പ്ലാസ അധികൃതർ ചെയ്തിരുന്നത്. 60 കോടി രൂപ ചെലവഴിച്ച് ചെയ്യുന്ന നവീകരണത്തിന്റെ പ്രാഥമിക പരീക്ഷണമെന്ന നിലയിലാണ് ടാറിങ് നടത്തിയത്. എന്നാൽ റോഡിന് മിനുസം കൂടുതലാണെന്നും മഴ പെയ്താതാൽ അപകട സാധ്യതയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടങ്ങളിൽ ജീവഹാനി ഉണ്ടാകാത്തതാണ് അധികൃതരുടെ മൗനത്തിനു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാതയിലെ അപകടങ്ങളെ തുടർന്ന് ടോൾ പ്ലാസ അധികൃതർക്ക് പുതുക്കാട് എസ്ഐ വി.വി. വിമൽകുമാർ നോട്ടീസ് നൽകി. രണ്ടുദിവസം മുന്പ് പുതുക്കാട് സിഐ ടോൾ പ്ലാസ അധികൃതർക്ക് ഇതേ കാരണത്താൽ നോട്ടീസ് നൽകിയിരുന്നു. അപകടങ്ങൾ തുടരുകയാണെങ്കിൽ ടോൾ പ്ലാസ അധികൃതർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞു.