ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ ചില ഞെട്ടിക്കലുകള്‍ക്ക് ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നതായി സൂചന. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖരെ ഷായുടെ അടുത്തെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പലരും വഴുതി മാറുകയായിരുന്നു. സുരേഷ് ഗോപി എംപിയുടെ വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ചാണ് സിനിമരംഗത്തുള്ളവരെ അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചത്. മോഹന്‍ലാല്‍, എം.ജി.ശ്രീകുമാര്‍, പ്രിയദര്ശന്, മഞ്ജു വാര്യര്‍, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ എം.ജി. ശ്രീകുമാര്‍ മാത്രമാണ് ഷായെ കാണാനെത്തിയത്.
ബിജെപി അനുഭാവമുള്ള മോഹന്‍ലാല്‍ അമിത് ഷാ തിരുവനന്തപുരത്തെത്തിയ സമയത്ത് തലസ്ഥാനത്തുണ്ടായിരുന്നു. ലാല്‍ ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തുമ്പയിലായിരുന്നു അദേഹം. ഷൂട്ടിംഗ് തിരക്കുകള്‍ പറഞ്ഞാണ് ലാല്‍ ഷായുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. ബീഫ് വിവാദവും മറ്റും കൊടുമ്പിരി കൊണ്ടിരിക്കേ ബിജെപിയുമായി അടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാല്‍ സിനിമാ രംഗത്ത് അത് ദോഷം ചെയ്യുമെന്ന ആശങ്കയാണ് കാരണം.
അതേസമയം, അന്തരിച്ച സംഗീത സംവിധായകന് എം.ജി രാധാകൃഷ്ണന്റെയും ഗായകന്
എംജി ശ്രീകുമാറിന്റെയും സഹോദരിയും സംഗീതജ്ഞയുമായ പ്രഫ. ഓമനക്കുട്ടി, ഗായകന് ജി വേണുഗോപാല്‍ എന്നിവര്‍ ഷായെ കാണാന്‍ തിരുവനന്തപുരത്തെ യോഗത്തിനെത്തി. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിയും ബിജെപിയുടെ ക്ഷണം നിരസിച്ചു. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ രഞ്ജി പണിക്കരോട് കൊച്ചിയിലോ തിരുവനന്തപുരത്തോ ഏതെങ്കിലും യോഗത്തില്‍ സൗകര്യപ്രദമായി പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചതത്രേ. എന്നാല്‍ ബിജെപി പ്രതിനിധീകരിക്കുന്ന വര്‍ഗീയത ഉള്‍പ്പടെയുള്ള പല രാഷ്ട്രീയ നിലപാടുകളോടുമുള്ള വിയോജിപ്പ് വിശദമായിത്തന്നെ അദ്ദേഹം തുറന്നടിച്ചതായാണ് വിവരം. കേരളത്തിലെങ്കിലും ബിജെപി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു നിര്‍ത്തുന്ന മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കണം എന്നും രഞ്ജി പണിക്കര്‍ ആവശ്യപ്പെട്ടു.
ബീഫ് നിരോധനം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന പല നിലപാടുകളും കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് തടസമുണ്ടാക്കുന്നതായി കുമ്മനം രാജശേഖരന് ദേശീയ അധ്യക്ഷനെ അറിയിച്ചതായി സൂചനയുണ്ട്. എന്നാല്‍ കേരളത്തിനുവേണ്ടി മാത്രമായി തീരുമാനങ്ങളില്‍ മാറ്റംവരുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് ഷാ നല്‍കിയത്. ഒക്ടോബറില്‍ വീണ്ടും കേരളത്തിലെത്തുമ്പോഴേക്കും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും ഷാ നിര്‍ദേശിച്ചതായാണ് വിവരം.