നിലന്പൂർ: ഭിക്ഷാടന മാഫിയ ജില്ലയിൽ സജീവം. ഇവരിൽ അന്യ സംസ്ഥാനത്തുനിന്നുമെത്തുന്ന സംഘങ്ങളാണ് കൂടുതലും. സംഘം ചേർന്നു ദേശീയ പാത കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ ക്വാർട്ടേഴ്സുകളും വീടുകളും വടകക്കെടുത്താണ് ഇവർ താമസിക്കുന്നത്. വാഹനങ്ങളിൽ ഇവരെ ടൗണുകൾ, പള്ളികൾ, മറ്റു മത പ്രഭാഷണ വേദികൾ എന്നിവടങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. മലയാളികളായ ഏജന്റുമാരാണ് ഇവരെ നിയന്ത്രിക്കുന്നതെന്നാണ് സൂചന. പോലീസ്, പ്രാദേശിക ഇടപെടൽ എന്നിവയിൽ നിന്നു ഏജന്റുമാർ സംരക്ഷണം നൽകും.
60 ശതമാനം ഏജന്റിനു നൽകണം. 40 ശതമാനമാണ് ഭിക്ഷാടനം നടത്തുന്നയാൾക്ക് ലഭിക്കുക. ഏജന്റും മറ്റു സംസ്ഥാനത്തു നിന്നുള്ള ഏജന്റും ഈ 60 ശതമാനം വീതിച്ചെടുക്കും. ചില ഗ്രൂപ്പുകളിൽ ദിവസക്കൂലിയാണ്. പിരിവു നടത്തുന്നയാൾ ദിവസവും 100 മുതൽ 250 രൂപവരെ സംഘത്തിന്റെ നേതൃത്വത്തിനു നൽകണം. ദിവസവും നൂറുക്കണക്കിനാളുകളെയാണ് കോഴിക്കോട്, തിരൂർ, കുറ്റപ്പുറം, ഷൊർണൂർ റെയിൽവെ സ്റ്റേഷനുകളിലൂടെ മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് ഇറക്കി വിടുന്നത്. നടക്കുവാൻ ആരോഗ്യമുള്ളവരെ വീടുകൾ കേന്ദ്രീകരിച്ച് ഭീക്ഷാടനം നടത്തുന്നതിനാണ് നിയമിക്കുക. ഇവരെകുറിച്ച് പോലീസ് ജനങ്ങളോട് ജാഗ്രത പുലർത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരിൽ നല്ലൊരു ശതമാനം ആളുകളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഭിക്ഷാടനത്തിനെത്തുന്ന ഇത്തരം സംഘത്തിലുള്ളവർ പകൽ സമയം വീടും പരിസരവും നിരീക്ഷിക്കുകയും വീട്ടിലെ സാഹചര്യങ്ങൾ പഠിക്കുകയും ചെയ്യും. അവസരം ലഭിച്ചാൽ മോഷണവും നടത്തും. പിന്നീട് ഒരു തെളിവും അവശേഷിക്കാതെ രക്ഷപ്പെടുവാനും സാധിക്കും.
ജില്ലയിൽ പ്രധാന നഗരങ്ങളിലെല്ലാം മാഫിയ പിടിമുറുക്കിയിട്ടുണ്ട്.നഗരങ്ങളിലെ ഒരു വിഭാഗം നടപ്പാതയിലും, ബസ് സ്റ്റാൻഡ്, പള്ളികൾ എന്നിവടങ്ങളിലാണ് ഭിക്ഷയാചിക്കുന്നത്. ഇതിൽ പലർക്കും സാംക്രമിക രോഗങ്ങളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. അംഗ വൈകല്യം വന്നവരെ തെരഞ്ഞു പിടിച്ചാണ് ഭിക്ഷാടനത്തിനായി നിയമിക്കുന്നത്.
കഴിഞ്ഞ ദിവസം മഞ്ചേരിയിൽ ദേഹമാസകലം പൊള്ളിയ നിലയിൽ ഭിക്ഷ യാചിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് ഇടപെട്ട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. റംസാൻ മാസമായതിനാൽ ജനങ്ങൾ ധാരാളം സഹായം നൽകുമെന്ന ഉറപ്പിലാണ് ഭിക്ഷാടന മാഫിയ ജില്ലയെ താവളമാക്കിയിരിക്കുന്നത്. ഭിക്ഷാടനത്തെ നിരുത്സാഹപ്പെടുത്തണമെന്നാണ് പോലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നത്.