സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത്. കന്നഡ നടി അവന്തിക ഷെട്ടിയാണ് നിര്‍മാതാവ് കെ.സുരേഷിനെതിരെ പൊട്ടിത്തെറിച്ചത്. അവന്തികയെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സുരേഷ് കഴിഞ്ഞ ദിവസം സുരേഷ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ സുരേഷ് പറയുന്നതല്ല വാസ്തവമെന്നും സെറ്റില്‍ നടന്നത് മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടായിക്കൂടാത്ത അനുഭവങ്ങളാണെന്നും അവന്തിക പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടി നിര്‍മാതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നിര്‍മാതാവില്‍ നിന്ന് വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്നും താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവമാണെന്നും നടി പറയുന്നു. സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതാരോ എന്നാണ് കത്തിന്റെ തലക്കെട്ട്.
അവന്തികയുടെ കുറിപ്പ് വായിക്കാം…
‘മറ്റൊരു നടിക്കും ഇനി ഇതുപോലൊരു അനുഭവം ഉണ്ടാകരുത് എന്ന ചിന്ത കൊണ്ടുമാത്രമാണ് അങ്ങേയറ്റം നിരാശയിലും ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. സ്ത്രീകളെ വെറും കച്ചവടവസ്തുവായി കാണുന്ന സിനിമാലോകത്തെ ചില പുരുഷന്മാരുടെ ഇരയാണ് ഞാനും. ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അനുഭവമാണത്. സംവിധായകനും നിര്‍മാതാവിനും വേണ്ടത് എന്റെ അഭിനയമായിരുന്നില്ല. അതുകൊണ്ടുതന്നെ തുടക്കം മുതലെ പ്രശ്നങ്ങളായിരുന്നു. എന്നാല്‍ അന്നൊന്നും ഇത് ഞാന്‍ കാര്യമായി എടുത്തില്ലി. ഇതിനെയെല്ലാം അവഗണിച്ച് ചിത്രീകരണവുമായി മുന്നോട്ട് പോയി. മാത്രമല്ല എന്റെ ഭാഗങ്ങള്‍ കഴിയാവുന്നിടത്തോളം ഭംഗിയായി അഭിനയിക്കുകയും ചെയ്തു.
നന്നായി റിഹേഴ്സല്‍ എടുത്തു, സ്വയം മേക്കപ്പ് വരെ ചെയ്തു. ഇതേസമയം മറ്റൊരു ചിത്രം കൂടി ചെയ്യുന്നുണ്ടായിരുന്നു. സിനിമ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ബാങ്കോക്കിലെ കുറച്ച് ഭാഗങ്ങള്‍ ബാക്കി വന്നു. ഇതിനിടെ എന്നോട് സെറ്റില്‍ നിന്നും തിരിച്ച് പൊയ്ക്കോളാന്‍ പറഞ്ഞു. എന്റെ അഭിനയം ശരാശരി നിലവാരം പുലര്‍ത്തുന്നതാണെന്നും അവരുടെ മനസ്സിലുള്ളതുപോലെ വന്നില്ലെന്നും പറഞ്ഞു. കൂടാതെ എനിക്ക് പ്രതിഫലായി അവര്‍ നല്കിയ ചെക്ക് ബൗണ്‍സ് ആയി.
പ്രതിഫലം ഇനിയും കിട്ടിയിട്ടില്ല. ഇനി ഞാനില്ലാതെ മറ്റാരെവച്ച് എന്റെ ഭാഗം ഡബ്ബ് ചെയ്ത് അവര്‍ സിനിമ പുറത്തിറക്കും. സിനിമയ്ക്കായി ഒപ്പിട്ട കരാര്‍ എന്റെ കൈയില്‍ ഉണ്ട്. കര്‍ണാടക കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടക ഫിലിം ചേംബറിന് ഇക്കാര്യങ്ങള്‍ കാണിച്ച് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇയാളെ സമൂഹത്തിന് മുന്നിലേക്ക് വലിച്ചിഴച്ച് നാറ്റിക്കണമെന്ന് ആഗ്രഹമില്ല. എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് ഈ മറുപടി. ഇങ്ങനെയൊരു സാഹചര്യത്തിലൂടെ ഇനി മറ്റൊരു പെണ്‍കുട്ടിക്ക് കടന്നുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലഅവന്തിക പറഞ്ഞു.