ടെൽ അവിവ്(ഇസ്രയേൽ): ആഗോളതലത്തിൽ വാനാക്രൈ മാൽവേർ ആക്രമണം നടത്തിയപോലെ പുതിയ മാൽവേർ ആക്രമണമുണ്ടാകുമെന്ന് സൈബർ സുരക്ഷാ കമ്പനി ചെക്ക് പോയിന്റ് മുന്നറിയിപ്പു നല്കി.
ഫയർബോൾ മാൽവേറാണ് സൈബർ ലോകത്ത് അപകടം വിതച്ച് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ബ്രൗസറുകളെ ഹൈജാക്ക് ചെയ്ത് ഡിഫോൾട്ടായുള്ള സെർച്ച് എൻജിനെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ റാഫോടെക്കിന്റെ വെബ്സൈറ്റിലേക്കാണ് ഫയർബോൾ റാൻസംവേർ സെർച്ച് എൻജിനെ വഴിതിരിച്ചുവിടുന്നത്.
ആക്രമിക്കപ്പെട്ട മെഷീനുകളെ വിദൂരതയിൽനിന്ന് നിയന്ത്രിക്കാനും മാൽവേറുകളുള്ള പുതിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ഫയർബോൾ മാൽവേറിനു സാധിക്കുമെന്നും ചെക്ക് പോയിന്റ് പറയുന്നു. ലോകവ്യാപകമായി 25 കോടി കംപ്യൂട്ടറുകളിൽ ഈ മാൽവേർ കടന്നുകൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചെക്ക് പോയിന്റിന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ കോർപറേറ്റ് കമ്പനികളുടെ കംപ്യൂട്ടറുകളിൽ അഞ്ചിൽ ഒന്ന് എന്ന നിലയിൽ ഈ മാൽവേർ ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ 55 ലക്ഷം പേഴ്സണൽ കംപ്യൂട്ടറുകളിൽ ഫയർബോൾ കടന്നുകൂടിയിട്ടുണ്ട്. അതേസമയം ഇന്ത്യയിലും ബ്രസീലിലും 2.5 കോടി കംപ്യൂട്ടറുകളെയാണ് ബാധിച്ചിട്ടുള്ളത്. ചില വെബ്സൈറ്റുകളുടെ വ്യൂവർഷിപ് വർധിപ്പിച്ച് പരസ്യവരുമാനം ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ മാൽവേറുകൾ പുറത്തിറക്കുന്നത്.