തിരുവല്ല: നിർധന രോഗികളെ സഹായിക്കാൻ വേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച കാരുണ്യ ഫണ്ടിന്റെ വിതരണം നിലച്ചു.കഴിഞ്ഞ ഒരുവർഷമായി കാരുണ്യ ചികിത്സാ സഹായപദ്ധതിയിൽ നിന്നു സഹായം ലഭിക്കുന്നില്ലെന്ന് രോഗികളും ആശുപത്രികളും പറയുന്നു. കാരുണ്യ സഹായ നിധി ലഭിക്കാത്തതിനാൽ ഡയാലിസിസ് വേണ്ട നിർധന വൃക്കരോഗികൾ ഒരുവർഷത്തോളമായി ദുരുതത്തിലാണ്. ഗഡുക്കളായി ആശുപത്രികളിലേക്കാണ് രോഗികളുടെ പേരിൽ ഫണ്ട് ലഭ്യമാക്കിയിരുന്നത്. നേരത്തെ അനുവദിച്ചുകിട്ടിയ തുക തീരുന്ന മുറയ്ക്ക് സൗജന്യ ഡയാലിസിസ് അവസാനിക്കുകയാണിപ്പോൾ.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാരുണ്യ സഹായ നിധിയിൽ നിന്നും ഡയാലിസിസിന് തുകലഭ്യമായിരുന്ന മുപ്പതോളം പാവപ്പെട്ട രോഗികളുടെ ചികിത്സ നിലച്ചു. ചിലർക്ക് മൂന്നോ നാലോ വട്ടംകൂടി ഡയാലിസിസ് ചെയ്യുന്നതിനുളള തുക മാത്രം പദ്ധതി പ്രകാരം ശേഷിക്കുന്നു. കാരുണ്യ പദ്ധതി പ്രകാരമുളള ചികിത്സ മുടങ്ങില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ മുനയൊടിക്കുന്നതാണ് രോഗികളുടെ അനുഭവം.കാരുണ്യ പദ്ധതിയിൽ ഒരുതവണ ഡയാലിസി്സ് ചെയ്യുന്നതിന് 650 രൂപയാണ് ലഭിക്കുന്നത്.
തവണകളായാണ് ഈ തുക ലഭിക്കുക. ചികിത്സതേടുന്ന ആശുപത്രിയുടെ അക്കൗണ്ടിലേക്കാണ് തുകയെത്തുന്നത്. മൂന്ന് ഗഡുക്കളായി പരമാവധി രണ്ട് ലക്ഷം രൂപവരെ ലഭിക്കും.ആദ്യ ഗഡുവിന് ശേഷം ആശുപത്രിയിൽ നിന്ന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് തുടർന്നുളള തുകകൾ അനുവദിച്ചിരുന്നത്. ആദ്യ ഗഡുവിലെ തുക തീർന്നാലും ആശുപത്രിക്കാർ കാരുണ്യപദ്ധതിയിൽപ്പെടുത്തി ചികിത്സ തുടർന്നും നൽകാറുണ്ട്. അടുത്ത ഗഡു അനുവദിച്ചുകിട്ടുമെന്ന സാഹചര്യത്തിലാണ് ഈ സൗജന്യ ചികിത്സ. ഇത്തരത്തിൽ അടുത്ത ഘട്ടം തുക കുടിശികയായതോടെയാണ് പണം കിട്ടിയാൽ മാത്രം ചികിത്സയെന്ന നിലപാടിലേക്ക് സ്വാകര്യ ആശുപത്രികളെത്തിയത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്ക് കാരുണ്യ പദ്ധതിയിൽ നിന്നും 20 ലക്ഷത്തോളം രൂപ കുടിശിക ലഭിക്കാനുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ജില്ലയിലെ മറ്റിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും സമാനാവസ്ഥയാണ്. തിരുവല്ലയിൽ ഫണ്ട് ഇല്ലാത്തുതമൂലം ചികിത്സ നിലച്ച രോഗികളിൽ പദ്ധതിപ്രകാരമുളള രണ്ട് ഗഡുക്കൾ വരെ ലഭിച്ചവരുണ്ട്. മുഴുവൻ തുകയും ലഭിച്ചവരില്ല. പണം ഇല്ലാത്തതിനാൽ,ആഴ്ചയിൽ മൂന്ന് തവണ ചെയ്യേണ്ട ഡയാലിസിസ് ഇപ്പോൾ രണ്ട് തവണയാക്കി ചുരുക്കിയിരിക്കുകയാണ്.