ഇരിട്ടി(കണ്ണൂർ): കൊലയാളി ചുള്ളികൊമ്പനെ പിടികൂടി ശാന്തനാക്കിയപ്പോള്‍ പാലപ്പുഴയിലും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ആറളം ഫാമില്‍ ആളുകളെ കൊല്ലുന്നതെന്ന് പറഞ്ഞ് വനപാലകര്‍ മയക്ക് വെടി വെച്ച് തളച്ച് താത്കാലിക കൂട്ടിലടച്ച കാട്ടുകൊമ്പന് ജനങ്ങളുമായി ഇണങ്ങിവരവെയാണ് കാട്ടാന വീണ്ടും ഇറങ്ങിയത്. ആറളം ഫാമിലും , പാലപ്പുഴ, കൂടരഞ്ഞി മേഖലയില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
മുഴക്കുന്ന് എസ്ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ്, വനപാലകര്‍ , നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാനകൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തിയെങ്കിലും ഭീതിയകന്നിട്ടില്ല. രണ്ടാഴ്ച മുമ്പും കാട്ടാനകൂട്ടം ഇവിടെയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആറളം ഫാം ജനവാസ മേഖലയിലും കാട്ടാനകൂട്ടമിറങ്ങി കഴിഞ്ഞ ആഴ്ച കൃഷി നശിപ്പിച്ചിരുന്നു. ചുള്ളികൊമ്പന് വനപാലകരുമായി ഇണങ്ങിയതിനാല്‍ മയക്ക് വെടി വിദഗ്ദന് ഡോ. അരുണ്‍ സക്കറിയ നല്കിയ ലിസ്റ്റ് പ്രകാരമുളള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം വനപാലകര്‍ ആനയുടെ വായില്‍ നല്‍കുന്നുണ്ട്.
പത്ത് ദിവസം കൊണ്ട് തന്നെ ആനയെ കോടനാട്ആന വളര്‍ത്ത് കേന്ദ്രത്തിലേക്ക് മാറ്റാന്‍ സാധിക്കും വിധം ഇണങ്ങുമെന്നാണ് വനപാലകരുടെ വിലയിരുത്തല്‍. ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ നല്കുന്ന ശിപാര്‍ശ അംഗീകരിച്ച് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രത്യേക അനുമതി നല്‍കിയാലെ കോടനാട് പരിശീലനകേന്ദ്രത്തിലേക്ക് ആറളത്ത് നിന്ന് മാറ്റാനാകു. മറ്റ് കാട്ടാനകള്‍ ചുള്ളികൊമ്പനെ കൂട് തകര്‍ത്ത് രക്ഷിക്കാനെത്തിയേക്കാമെന്നതിനെ തുടര്‍ന്ന് രാപകല്‍ ഏറുമാടത്തിലും മറ്റുമായി വനപാലകര്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.