കോഴിക്കോട്: കൈപ്പുറത്തുപാലത്തിനു സമീപത്തെ ജലാശയം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജലാശയ സംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിക്കൽ പാലം മുതൽ എടക്കാട് പാലം വരെ മനുഷ്യച്ചങ്ങല തീർത്തു. പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പി.കെ. ശശീധരന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊതു സമ്മേളനം എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയര്മാന് ശിവദാസന് ഏറാടി അധ്യക്ഷത വഹിച്ചു.
ജലാശയം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക, ഇക്കോ ടൂറിസത്തിനു മുതൽകൂട്ടാക്കുക, നാടിന്റെയും നഗരത്തിന്റെയും മുഖശോഭ വർധിപ്പിക്കുക, പ്രകൃതിയുടെ സന്തുലിതാവസ്ഥയും കണ്ടൽക്കാടുകളും നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംരക്ഷണസമിതി മുന്നോട്ടുവയ്ക്കുന്നത്.ജലാശയം വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുന്പ് ജലോത്സവം അടക്കമുളള പരിപാടികൾ സംഘടിപ്പിച്ചിരുന്നു.