മുംബൈ: റിസർവ് ബാങ്ക് ഇന്നു പണനയ അവലോകനം പരസ്യപ്പെടുത്തും. പലിശനിരക്ക് മാറാവുന്നവിധം റീപോ നിരക്കിൽ മാറ്റംവരുത്താനിടയില്ലെന്നാണ് കണക്കുകൂട്ടൽ.ഇപ്പോൾ റീപോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റീപോ ആറുശതമാനവുമാണ്.
ബാങ്കുകൾക്ക് അടിയന്തര സാഹചര്യത്തിൽ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റീപോ നിരക്ക്.ബാങ്കുകളുടെ കരുതൽപണ അനുപാതം (സിആർആർ) നാലു ശതമാനവും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) 20.5 ശതമാനവുമാണ്. ഈ നിരക്കുകളിലും മാറ്റം പ്രതീക്ഷിക്കുന്നില്ല.
അടുത്തയാഴ്ച ചേരുന്ന അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ കാൽശതമാനം ഉയർത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യ പലിശ താഴ്ത്തുകയും അമേരിക്ക പലിശ കൂട്ടുകയും ചെയ്താൽ വിദേശികൾ പണം പിൻവലിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പലിശനിരക്ക് താഴ്ത്തണമെന്ന അഭിപ്രായമാണ് കേന്ദ്രഗവൺമെന്റിനുള്ളത്. രാജ്യത്ത് മൂലധന നിക്ഷേപ നിരക്ക് 28 ശതമാനത്തിലേക്കു താണിരിക്കുകയാണ്. പലിശ കുറഞ്ഞാൽ നിക്ഷേപത്തോത് കൂടുമെന്നു ഗവൺമെന്റ് പ്രതീക്ഷിക്കുന്നു