കോന്നി: പിണറായി സർക്കാർ മനസുവച്ചിരുന്നെങ്കിൽ കോന്നി മെഡിക്കൽ കോളജിൽ ഇക്കൊല്ലം ക്ലാസുകൾ ആരംഭിക്കാമായിരുന്നുവെന്ന് അടൂർ പ്രകാശ് എംഎൽഎ. മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് 2013 ജനുവരി 25നു തുടക്കം കുറിച്ചതാണ്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്. യുഡിഎഫ് സർക്കാരിനു തുടർഭരണം ലഭിച്ചിരുന്നുവെങ്കിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഇതിനോടകം ആരംഭിക്കാനാകുമായിരുന്നുവെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ അനുവദിച്ച കോന്നി മെഡിക്കൽ കോളജിനുവേണ്ടി 50 ഏക്കർ സ്ഥലം അനുവദിക്കുകയും നബാർഡിൽ നിന്നാവശ്യമായ പണം കണ്ടെത്താൻ നടപടി സ്വീകരിച്ചതുമാണ്. 2011ൽ താൻ ആരോഗ്യമന്ത്രിയായിരിക്കുന്പോഴാണ് ഇക്കാര്യങ്ങൾ നടപ്പാക്കിയതെന്ന് പ്രകാശ് പറഞ്ഞു. നബാർഡിൽ നിന്നും 142 കോടി രൂപയും ബജറ്റിൽ പറഞ്ഞ 25 കോടി രൂപയും ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളജിന്റെ ഒന്നാംഘട്ട നിർമാണം ആരംഭിച്ചത്. മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവന്നത്
. 300 കിടക്കകളുള്ള ആശുപത്രി സമുച്ചയവും അക്കാഡമിക് ബ്ലോക്കുമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ ചുമതലയിലുള്ള എച്ച്എൽഎല്ലിനെയാണ് ഏല്പിച്ചത്. എച്ച്എൽഎൽ ടെൻഡർ നടത്തി നാഗാർജുന കണ്‍സ്ട്രക്ഷൻ കന്പനിയെ ഏല്പിക്കുകയുണ്ടായി.
2014 മേയ് 15 മുതൽ നാഗാർജുന കണ്‍സട്രക്ഷൻ കന്പനി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടു കൊണ്ടുപോകുകയാണ്. 300 കിടക്കകളുള്ള ആശുപത്രി സമുച്ചയത്തിന്റെ പണികൾ 80 ശതമാനവും പൂർത്തീകരിച്ചു. ടൈൽസ് ഇടീൽ, വയറിംഗ്, പ്ലംബിംഗ്, എയർ കണ്ടീഷനിംഗ് തുടങ്ങിയ പ്രവൃത്തികളോടൊപ്പം തന്നെ അക്കാഡമിക് ബ്ലോക്കിന്റെ പണികളും നടന്നുവരികയാണ്.
മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യക്ക് യുഡിഎഫ് സർക്കാർ അപേക്ഷ നൽകിയതിനുസരിച്ച് 2015-16ലേക്ക് പരിശോധന നടത്തിയിരുന്നു. ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകാമെങ്കിൽ അനുമതി ലഭിക്കാമായിരുന്നു. എന്നാൽ സംസ്ഥാനത്തു നിയമസഭ തെരഞ്ഞെടുപ്പും തുടർന്നു ഭരണമാറ്റവും ഉണ്ടായപ്പോൾ അനിശ്ചിതത്വമായി. തുടർന്ന് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മെഡിക്കൽ കൗണ്‍സിലിനു പിന്നീട് അപേക്ഷ നൽകിയിട്ടുണ്ടോയെന്നുപോലും സംശയിക്കുന്നു. അപേക്ഷ വച്ചിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞതെന്ന് അടൂർ പ്രകാശ് പറഞ്ഞു.
കോന്നിയിൽ 100 മെഡിക്കൽ സീറ്റിലേക്ക് പ്രവേശനത്തിനു സാധ്യതയുണ്ടായിരുന്നിട്ടും എൽഡിഎഫ് സർക്കാരിനു താത്പര്യമുണ്ടായില്ല. മെഡിക്കൽ കോളജിൽ കുട്ടികൾക്കു പ്രവേശനം നൽകിയാൽ ക്ലാസുകൾ നടത്താനും മറ്റും ആവശ്യമായ സൗകര്യങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നതാണെന്ന് പ്രകാശ് ചൂണ്ടിക്കാട്ടി. സാങ്കേതികത്വങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന ജോലികളും തടസപ്പെടുന്നുണ്ട്. മെഡിക്കൽ കോളജിലേക്കുള്ള റോഡിന്റെ നിർമാണത്തിന് 18.1 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നത്. 22 അടി വീതിയിൽ ദേശീയനിലവാരത്തിലാണ് റോഡിന്റെ പണികൾ പുരോഗമിക്കുന്നത്.
കോന്നിയിൽ നിന്നും പയ്യനാമണ്ണിൽ നിന്നും മെഡിക്കൽ കോളജിൽ എത്തിച്ചേരാനുള്ള റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിനെല്ലാം പണം യുഡിഎഫ് ഭരണകാലത്തുതന്നെ അനുവദിച്ചിരുന്നതാണെന്ന് എംഎൽഎ പറഞ്ഞു. സാങ്കേതികതടസങ്ങൾ ഉന്നയിച്ച് പണികൾ ആരംഭിക്കാതിരിക്കുകയാണ്.
പത്തനംതിട്ട ജില്ലക്കാരുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം എന്ന നിലയിലും ശബരിമല തീർഥാടകർക്ക് വേഗത്തിൽ ചികിത്സാ സൗകര്യം എന്ന പരിഗണനയിലുമാണ് കോന്നി മെഡിക്കൽ കോളജ് അനുവദിച്ചത്. നിലവിൽ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടോടെ കോന്നി നിയോജകമണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ എൽഡിഎഫ് സർക്കാർ ശ്രമിക്കരുതെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു.