ആലപ്പുഴ: മഴക്കാലം ആരംഭിക്കുന്നതിനു മുന്പുതന്നെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലാതലത്തിൽ നിരവധി യോഗങ്ങൾ ചേർന്ന ആലപ്പുഴ കളക്ടറേറ്റ് വളപ്പ് കൊതുകിന്റെയും മറ്റു ജീവികളുടെയും പ്രജനനകേന്ദ്രമാകുന്നു. കളക്ടറേറ്റിലെ പ്രധാന കെട്ടിടത്തിനു ചുറ്റും വളർന്നു നിൽക്കുന്ന പുല്ലും പാഴ്ചെടികളുമാണ് കൊതുകടക്കമുള്ളവയുടെ കേന്ദ്രമായി മാറിയിരിക്കുന്നത്.
മഴക്കാലത്തിനു മുന്നോടിയായി കെട്ടിടങ്ങളുടെ പരിസരങ്ങളും മഴവെള്ളം കെട്ടിനിൽക്കാൻ സാഹചര്യമുള്ളയിടങ്ങളും കൊതുകിന്റെ കൂത്താടികൾക്ക് വളരാൻ സാധ്യതയുള്ള ചെടികളുമടക്കം ശുചീകരിക്കണമെന്നു നിർദേശം താഴെത്തട്ടിൽ നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന ഓഫീസിന്റെ പരിസരമാണ് ഇത്തരത്തിൽ പുല്ലു പിടിച്ചു മേഞ്ഞിരിക്കുന്നത്. വളർന്നു കാടുപോലെയായിരിക്കുന്ന ഇവയ്ക്കിടയിൽ ഇഴജന്തുക്കളടക്കമുള്ളവയുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
ഗ്രീൻ പ്രോട്ടോകോൾ അടക്കമുള്ളവ നടപ്പാക്കുന്നതിനായുള്ള കൊണ്ടുപിടിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഇതിനു നേതൃത്വം നൽകുന്ന ഓഫീസിന്റെ ഈ പരിതാപകരമായ അവസ്ഥ. മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് ദേശീയ തലത്തിൽ നിലവിലുണ്ടെങ്കിലും കളക്ടറേറ്റ് വളപ്പിൽ ഇതൊന്നും ബാധകമല്ലെന്നതാണ് അവസ്ഥ.
കളക്ടറേറ്റിന് പിൻഭാഗത്തു സ്ഥാപിച്ചിരിക്കുന്ന രണ്ടു ടാർ വീപ്പകളിലായിട്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ കത്തിക്കുന്നത്. ഇത്തരത്തിൽ മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക പ്രദേശവാസികൾക്കു ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. പരിസരശുചീകരണത്തിനായി ബോധവത്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും താഴെത്തട്ടിൽ കാര്യക്ഷമമായി നടക്കുന്പോഴും ഇതിന് നേതൃത്വം നൽകുന്ന ഓഫീസ് പരിസരം മാലിന്യകേന്ദ്രമായിരിക്കുകയാണ്.