ജെസ്റ്റിൻ ഏബ്രഹാം
രാജസ്ഥാനിലെ വഴിയോര കച്ചവടക്കാരന്റെ മകളിൽനിന്നു സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നതുവരെയുള്ള ഉമുലിന്റെ ജീവിതം പോർക്കളത്തിൽ ശത്രുസൈന്യത്തെ ഒറ്റയ്ക്കു പൊരുതി വിജയിച്ച പോരാളിയുടേതാണ്.
പഠിക്കണമെന്നു പറഞ്ഞപ്പോൾ അച്ഛൻ വീട്ടിൽനിന്നു പുറത്താക്കി. ജന്മനാ അസ്ഥി രോഗിയായ, കൗമാരക്കാരിയായ ആ പെണ്കുട്ടി ഇറങ്ങി നടന്നത് ഡൽഹിയിലെ ചേരിയിലേക്കാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടവൾക്ക് അഭയം നൽകാൻ കള്ളൻമാരും പിടിച്ചുപറിക്കാരും വിരാജിച്ചിരുന്ന ത്രിലോക്പുരിയിലെ ചേരിയെ ഉണ്ടായിരുന്നുള്ളു.
പതിമൂന്നാം വയസിൽ കുടുംബം ഉപേക്ഷിച്ചു പഠിക്കാൻ പുറപ്പെട്ട ഉമുൽ എന്ന കൗമാരക്കാരിയെ ഇന്നു നിങ്ങൾ ഒരുപക്ഷേ അറിയും. യുപിഎസിയുടെ സിവിൽ സർവീസസ് പരീക്ഷയിൽ 420-ാം റാങ്ക് നേടിയ ആ പെണ്കുട്ടി തലയുയർത്തി നിൽക്കുന്നത് അഭിമാനത്തോടെയാണ്. 15 വർഷങ്ങൾക്കു മുന്പ് വീട് ഉപേക്ഷിച്ച് പെരുവഴിയിലേക്ക് ഇറങ്ങി നടന്ന ആ കൗമാരക്കാരിയുടെ കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും. കൂടുതൽ പ്രകാശത്തോടെ…
അഞ്ചാം വയസിൽ ഡൽഹിയിലേക്ക്
രാജസ്ഥാനിൽനിന്ന് അഞ്ചാം വയസിലാണ് കുടുംബത്തോടൊപ്പം ഉമുൽ ഡൽഹിയിലെത്തുന്നത്. രാജ്യതലസ്ഥാനത്തെ അഴുക്ക് വന്നടിഞ്ഞിരുന്ന ഖാനേഖാനയ്ക്ക് സമീപം ചെറ്റക്കുടിലിൽ താമസം. ഹസ്റത്ത് നിസാമുദീൻ റോഡിന്റെ ഓരത്ത് തുണികൾ വിറ്റാണ് അച്ഛൻ കുടംബം പോറ്റിയിരുന്നത്.
ജന്മനാ അസ്ഥി രോഗിയായിരുന്നു ഉമുൽ. എല്ലുകൾക്ക് ബലക്കുറവ്. ചെറിയ വീഴ്ച പോലും അസ്ഥി ഒടിയുന്നതിനു കാരണമായി. ചാടിയും ഓടിയും നടക്കേണ്ട ബാല്യത്തിൽ ഉമുലിന് രോഗം കഷ്ടപ്പെടുത്തിയത് ചില്ലറയൊന്നുമല്ല. അസ്ഥി ഒടിഞ്ഞത് 16 തവണ. ഇതിൽ എട്ടു തവണ ശസത്രക്രിയ നടത്തി. പക്ഷേ ഇതൊന്നും ഉമുലിന് തളർത്തിയിരുന്നില്ല.
പഠിത്തത്തിൽ കേമി
പഠിക്കാനുള്ള മോഹം ചെറുുപ്പത്തിലെ ഉമുലിന്റെ രക്തത്തിൽ ഉണ്ടായിരുന്നു. ഒരുപക്ഷേ അതുകൊണ്ടാവാം പിന്നീട് വീടിനെ ഉപേക്ഷിച്ചപ്പോഴും (അല്ലെങ്കിൽ വീട്ടുകാർ അവളെ ഉപേക്ഷിച്ചപ്പോഴും)ആ കുഞ്ഞു ഹൃദയം വ്യതിചലിക്കാതിരു ന്നത്.
ശാരീരിക വൈകല്യമുള്ള കുട്ടികൾക്കുള്ള പട്ടേൽ ദീൻദയാൽ ഉപാധ്യയയ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠനം ആരംഭിച്ച ഉമുൽ പഠനത്തിൽ കേമിയായിരുന്നു. അഞ്ചാം ക്ലാസ് വരെ കൊച്ചു മിടുക്കിയായ ഉമുൽ പഠിച്ചത് ഇവിടെയായിരുന്നു.ശേഷം പഠനം സർക്കാർ ട്രസ്റ്റായ അമർ ചാരിറ്റി നടത്തിയിരുന്ന സ്കൂളിൽ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടായിരുന്നില്ല ഉമുലിന്. പക്ഷേ അവൾ സന്തോഷവതിയായിരുന്നു. സർക്കാർ സ്ഥാപനമായതിനാൽ പണച്ചെലവില്ലാതെ പഠിക്കാൻ സാധിക്കുന്നുണ്ടല്ലോ എന്ന ആത്മസംതൃപ്തിയായിരുന്നു അത്.
ഒറ്റപ്പെടലിന്റെ ജീവിതം
വർഷം 2001. ഉമുലും കുടംബം താമസിച്ചിരുന്ന ഡൽഹിയുടെ ഭാഗം വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ടു. ദക്ഷിണ ഡൽഹിയെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ പാലം പണിയുന്നതിനായിരുന്നു ഇത്. കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഡൽഹിയിലെ തണുപ്പിൽ വലഞ്ഞു. പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് മടങ്ങി പോകാൻ അച്ഛൻ തീരുമാനിച്ചു.
കിടപ്പാടം നഷ്ടപ്പെട്ടപ്പോഴും പഠനത്തെ കുറിച്ചു മാത്രം ചിന്തിക്കുകയും സ്വപ്നം കാണുകും ചെയ്ത ഉമുൽ തുടർ പഠനം അർവാചിൻ ഭാരതി ഭവനിൽ തുടരുന്നതിനുള്ള ചിന്തയിലായിരുന്നു. വൈകല്യമുള്ള കുട്ടിയായതിനാൽ മെച്ചപ്പെട്ട സൗകര്യമുള്ള ഭാരതി ഭവനിൽ കാര്യങ്ങൾ അല്പം കൂടി ഭേദമായിരിക്കുമല്ലോ.
എന്നാൽ ഉമുലിന്റെ തീരുമാനത്തെ കുടുംബം എതിർത്തു. ഒരു പെണ്കുട്ടിക്കു ലഭിക്കേണ്ടതിൽ ആവശ്യത്തിൽ അധികം വിദ്യാഭ്യാസം ഉമുലിനായി എന്ന് അച്ഛൻ പറഞ്ഞു. അമ്മ അച്ഛന്റെ തീരുമാനത്തെ പിന്താങ്ങി. ഇനിയും തുടർന്നു പഠിച്ചാൽ പെണ്കുട്ടികൾ വഴിതെറ്റി പോകുമെന്നായിരുന്നു അമ്മയുടെ കണ്ടെ ത്തൽ.
എന്നാൽ ഉമുൽ മനസിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. തന്നിഷ്ടക്കാരിയായ മകളെ അച്ഛൻ ശാപവാക്കുകളോടെ ഉപേക്ഷിച്ചു. ബന്ധം മുറിച്ച് കുടംബം രാജസ്ഥാനിലേക്ക് പോയി.ജീവിതത്തിൽ കൗമാരിക്കാരിയായ ഉമുൽ തരിച്ചു പോയ നിമിഷമായിരുന്നു അത്. എന്ത് ചെയ്യണം എന്നറിയാതെ വിധിക്കു മുന്പിൽ പകച്ചു നിന്ന പെണ്കുട്ടി ത്രിലോക്പുരിയിലെ ചേരിയിലേക്ക് നടന്നു.
ട്യൂഷൻ ടീച്ചറായി മുന്നോട്ട്
പഠനത്തിൽ മികവു പുലർത്തിയിരുന്ന ഉമുലിന് തേടി അധ്യാപികയുടെ കരങ്ങൾ എത്തി. അവർ അവൾക്കു സ്കോളർഷിപ്പ് സംഘടിപ്പിച്ചു നൽകി. പഠനം തുടർന്ന ഉമുലിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളാണ്. പഠനച്ചെലവിന് സ്കോളർഷിപ്പ് ലഭിച്ചെങ്കിലും ജീവിത ചെലവുകൾക്കായി അവൾ പാടുപ്പെട്ടു.
ചേരിയിലെ കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചാണ് ഉമുൽ ഇതിനു മാർഗം കണ്ടത്. എന്നാൽ റിക്ഷാക്കാരന്റെയും വഴിയോര കച്ചവടക്കാരുടെയും മക്കളായിരുന്ന അവരിൽനിന്നും ഭീമമായ തുക ലഭിച്ചിരുന്നില്ല. അതിനാൽ ട്യൂഷൻ ബാച്ചുകളുടെ എണ്ണം കൂട്ടി. ദിവസം എട്ടു മണിക്കൂർ വിവിധ ബാച്ചുകൾക്കായി ഉമുൽ ട്യൂഷൻ എടുത്തു.
കള്ളന്മാരുടെ ചേരിയിൽ
ചേരികൾ കുപ്രസിദ്ധമാണ്. കള്ളമാരും പിടിച്ചുപ്പറിക്കാരുടെയും കേന്ദ്രം. കൗമാരക്കാരിയായ ഉമുലിന് സംബന്ധിച്ചിടത്തോളം ഒറ്റയ്ക്കുള്ള ചേരിയിലെ ജീവിതം ഭീതിതമായിരുന്നു. പക്ഷേ ഉമുലിന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ അവയ്ക്കു കഴിഞ്ഞില്ല.
ത്രിലോക്പുരിയിലെ ഉമുലിന്റെ അയൽവാസിയായിരുന്ന ഷഹ്നാഗ് ബീഗത്തിന്റെ വാക്കുകളിൽ ഇതു വ്യക്തമാണ്. “”ധീരയായിരുന്നു ഉമുൽ. ഒറ്റയ്ക്കായിരുന്നു അവൾ വീട്ടിൽ ജീവിച്ചിരുന്നത്. പിന്നീട് ഞാൻ എന്റെ മകളെ അവൾക്കൊപ്പം കൂട്ടുകിടക്കാൻ വിടുമായിരുന്നു. പകരം അവൾ എന്റെ മകൾക്ക് സൗജന്യമായി ട്യൂഷൻ നൽകി.”
ജെആർഎഫോടെ ജെഎൻയുവിൽ
91 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ച ഉമുൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നു. ട്യൂഷൻ തന്നെയായിരുന്നു പഠനത്തിനുള്ള ചെലവു കണ്ടെത്തുന്നതിനുള്ള ഏക മാർഗം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡിബേറ്റ് വേദിയിൽ ഉമുൽ താരമാവുന്നത് ഇതോടെയാണ്. പല മത്സരങ്ങളുടെയും വിജയികൾക്കുള്ള സമ്മാനം വലിയ തുകയായിരുന്നു. ഉമുൽ ഡിബേറ്റ് വേദിയിൽ തിളങ്ങി. എന്നാൽ പല മത്സരങ്ങളും വൈകുന്നേരങ്ങളിൽ ആയതിനാൽ അവൾക്കു പങ്കെടുക്കാൻ സാധിച്ചില്ല. ഈ സമയമായിരുന്നു അവൾ ട്യൂഷൻ എടുത്തിരുന്നത്. ഡൽഹിയിലെ ഗാർഗി കോളജിലേക്കുള്ള യാത്രകൾ ഉമുലിന് ദുഷ്കരമായിരുന്നു. ഒരിക്കൽ വീണു പരിക്കേറ്റ ഉമുലിന്റെ ജീവിതത്തിലെ ഒരു വർഷം വീൽചെയറിലായിരുന്നു. എന്നാൽ ഏതു കഷ്ടപ്പാടുകളും സഹിക്കാനും അവൾ മനസിനെ പാകപ്പെടുത്തിയിരുന്നു.
ജെആർഎഫ് നേടിയതോടെ ഉമുലിന്റെ ജീവിതം മാറിമറിഞ്ഞു. മാസം 25,000 രൂപ സ്റ്റൈപ്പന്റ് ആയി ലഭിക്കും. കൂടാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലയായ ജെഎൻയുവിൽ പ്രവേശനം. ഇന്റർനാഷണൽ സ്റ്റഡീസായിരുന്നു വിഷയം. പിഎച്ച്ഡിക്കായി റിസർച്ച് പേപ്പറുകൾ തയാറാക്കുന്പോഴും സിവിൽ സർവീസസ് മനസിൽ നീറ്റലായി കിടന്നു.
ആദ്യ പരിശ്രമത്തിൽ സിവിൽ സർവീസ്
വൈകല്യങ്ങളെ തോൽപ്പിച്ചായിരുന്നു ഉമുൽ ജെഎൻയുവിൽ പ്രവേശനം നേടിയത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തിയ ഉമുൽ പല വിദ്യാർഥികൾക്കും അത്ഭുതമായിരുന്നു. കുട്ടിക്കാലം മുതലുള്ള ഉമുലിന്റെ അഭിലാഷമായിരുന്നു ഐഎഎസ് ആകുക എന്നത്. പിഎച്ച്ഡിക്കു ശേഷമാണ് ശ്രമിച്ചത്. കഠിനമായ സിവിൽ സർവീസസ് പരീക്ഷയിൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ വിജയിച്ചു. ഓൾ ഇന്ത്യയിൽ 420-ാമത്തെ റാങ്ക്. അംഗവൈകല്യമുള്ളവർക്കുള്ള റിസർവേഷൻ പരിഗണിക്കുന്പോൾ ഐഎഎസ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഉമുൽ ഇപ്പോൾ.
പരീക്ഷയിൽ വിജയിച്ച ഉമുലിന് തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പക്ഷേ എന്നത്തേയും പോലെ ഉമുൽ ചിരിയോടെ അതിനെയും സ്വാഗതം ചെയ്യുന്നു. സിവിൽ സർവീസസ് പരീക്ഷയിൽ വിജിയിച്ചു എന്നത് നിസാരമായ ഒരു നേട്ടമാണെന്നാണ് ഉമുലിന്റെ പക്ഷം. വലിയ നേട്ടങ്ങൾ ഇനിയും കൈവരിക്കാനുണ്ട്. ഉറപ്പാണ് ഉമുൽ അതു കൈവരിക്കുക തന്നെ ചെയ്യും….
ഈദ് ആഘോഷിക്കും കുടുംബത്തോടൊപ്പം
ഉപേക്ഷിച്ചു എങ്കിലും എനിക്ക് കുടുംബത്തോട് പിണക്കമില്ല. ഐഎഎസ് എന്നു പറഞ്ഞാൽ അവർക്കു മനസിലാകുക പോലുമില്ല. പക്ഷേ വരുന്ന ഈദിന് ഞാൻ എന്റെ കുടുംബത്തെ കാണും. അവർക്കൊപ്പമായിരിക്കും എന്റെ പെരുനാൾ ആഘോഷം.