കടുത്തുരുത്തി: മഴക്കാലത്ത് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കടുത്തുരുത്തി പോലീസ്. മഴക്കാലം മോഷ്ടാക്കളുടെ ഇഷ്ടകാലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. തനിച്ചു താമസിക്കുന്നവർ അവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. മക്കൾ വിദേശത്തായതിനാൽ തനിച്ചു താമസിക്കുന്നവർ, സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്നവർ, രോഗികളായിട്ടുള്ളവർ, ഒറ്റപ്പെട്ട മേഖലകളിൽ താമസിക്കുന്നവർ എന്നിവരെല്ലാം തങ്ങളുടെ വിവരങ്ങളും ഫോണ് നന്പരുകളും പോലീസിൽ നൽകണം.
സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ, പരിചയമില്ലാത്ത ആളുകൾ, സംശയം തോന്നുന്നവർ എന്നിങ്ങനെയുള്ള വിവരങ്ങളും കൈമാറണമെന്ന് പോലീസ് അറിയിച്ചു. കരാറുകാർ തങ്ങളുടെ കൂടെ പണിക്കു നിർത്തിയിട്ടുള്ളവരെ കുറിച്ചുള്ള വിവരങ്ങളും കെട്ടിടം വാടകയ്ക്കു നൽകിയിട്ടുള്ളവർ വാടകക്കാരെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
പോലീസിൽ നൽകുന്ന വിവരങ്ങൾ രഹസ്യമാക്കി വയ്ക്കും. പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന പട്രോളിംഗിന് പുറമെ ജനമൈത്രി സംവിധാനമുപയോഗിച്ചു പ്രാദേശികമായുള്ള ആളുകളുടെ സഹകരണത്തോടെ അതാത് മേഖലകളിൽ പട്രോളിംഗ് നടത്തും. ഇത്തരത്തിൽ വിവരങ്ങൾ ലഭ്യമായാൽ ഈ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു പട്രോളിംഗ് നടത്താനും പോലീസിന് പദ്ധതിയുണ്ട്.
സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിദികൾ എന്നിവരുടെയെല്ലാം സഹായം പോലീസ് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ 04829 282323, 9497980322 എന്നീ നന്പരുകളിൽ ബന്ധപെടണമെന്ന് കടുത്തുരുത്തി സിഐ കെ.പി. തോംസണ് അറിയിച്ചു.