കൊച്ചി: ട്രെയിന്‍ വഴി മയക്കുമരുന്നു കടത്തും സ്റ്റേഷനുകളില്‍ അതിക്രമങ്ങളും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികൃതര്‍ പിന്നോട്ട്. സുരക്ഷ വര്‍ധിപ്പിക്കാന്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം (ഐഎസ്എസ്) നടപ്പാക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല.
വിവിധ സ്കാനറുകള്‍ ഉപയോഗിച്ച് റെയില്‍വെ സ്റ്റേഷനും പരിസരവും യാത്രികരുടെ ബാഗേജ്, വിശ്രമമുറി തുടങ്ങി എല്ലാം നിരീക്ഷണ വിധേയമാക്കുന്ന സംവിധാനമാണ് ഐഎസ്എസ്. സംസ്ഥാനത്തു നിലവില്‍ തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമാണ് ഐഎസ്എസ് സംവിധാനമുള്ളത്. ഇൗ സംവിധാനം സംസ്ഥാനത്തെ മറ്റു റെയില്‍വേ സ്റ്റേഷനുകളിലേക്കുകൂടി പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യമായിരുന്നു റെയില്‍വെ പോലീസിന്റെ ഭാഗത്തുനിന്നു നേരത്തെ ഉയര്‍ന്നിരുന്നത്.
വിവിധ സ്കാനറുകള്‍ ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷന്റെ മുക്കും മൂലയുംവരെ നിരീക്ഷണ വിധേയമാക്കുന്ന സംവിധാനം, ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടക്കുന്ന കേസുകളുടെ അന്വേഷണത്തിനു പോലീസിന് ഏറെ സഹായകരമാണ്. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനില്‍തന്നെ പ്രത്യേക കണ്ട്രോള് റൂമും ഉണ്ടായിരിക്കും.തന്മൂലം സംശയാസ്പദമായി എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പെട്ടാല്‍ ഈ കണ്ട്രോള് റൂമുമുമായി ബന്ധപ്പെട്ട് വഗം നടപടിയെടുക്കുന്നതിനു പോലീസിനു സാധിക്കും.
സംസ്ഥാനത്തെ ചെറുതും വലുതുമായ ഇരുന്നൂറോളം റെയിൽവേസ്റ്റേഷനുകളില്കൂടി ഐഎസ്എസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു റെയില്‍വെ പോലീസ് നേരത്തെ റെയില്‍വേ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത്. അതേസമയം, പദ്ധതിയുടെ ഭാഗമായുള്ള സിസിടിവി കാമറകള്‍ സംസ്ഥാനത്തെ 35 ഓളം റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നു റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
എറണാകുളം ടൗണ്‍, ആലുവ, കോട്ടയം എന്നീ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെയാണു സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത്. ഇവ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ അതാതു റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നുവരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ചില റെയില്‍വെ സ്റ്റേഷനുകളില്‍ നേരത്തെതന്നെ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പലതും പ്രവര്‍ത്തനക്ഷമമല്ല. റെയില്‍വേ സ്റ്റേഷനുകളില്‍ ശക്തമായ നിരീക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്എസ് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നത്. നിലവില്‍ മിക്ക റെയില്‍വെ സ്റ്റേഷനുകളിലും സാമൂഹിക വിരുദ്ധ ശല്യം അതിരൂക്ഷമാണ്.
തിരക്കേറിയ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ പകല്‍ സമയങ്ങളില്‍ പോലീസ് നിരീക്ഷണമുണ്ടെങ്കിലും രാത്രിയായാല്‍ സുരക്ഷയില്ലാത്ത അവസ്ഥയാണെന്നു യാത്രികര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം പുറമെയാണു ലഹരിമരുന്നു വില്പനക്കാരുടെയും ഇടപാടുകാരുടെയും പ്രധാന താവളമായി റെയില്‍വെ സ്റ്റേഷനുകള്‍ മാറിയിരിക്കുന്നു.
ഇതര സംസ്ഥാനങ്ങളില്നിന്നുമാണു പ്രധാനമായും മയക്കു മരുന്നു കടത്തു നടക്കുന്നത്. ഇത്തരത്തില്‍ ട്രെയിനുകളും റെയില്‍വെ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള അതിക്രമങ്ങളും ലഹരി കടത്തും അനുദിനം വര്ധിക്കുമ്പോഴാണു റെയില്‍വേ സ്റ്റേഷനുകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു വൈമനസ്യമെന്നാണ് ആക്ഷേപം.