പത്രസമ്മേളനത്തിന് എത്തിയപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റശ്രമം, അടിയേറ്റ യെച്ചൂരി നിലത്തുവീണു, രക്ഷയ്‌ക്കെത്തിയത് മാധ്യമപ്രവര്‍ത്തകര്‍, എകെജി ഭവനില്‍ നാടകീയ സംഭവങ്ങള്‍

seetharam-yechuriഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കൈയ്യേറ്റ ശ്രമം. ഇന്ന് (ബുധനാഴ്ച്ച) വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പത്രസമ്മേളനത്തിനായി എത്തുമ്പോഴായിരുന്നു നാടകീയരംഗം. ഹിന്ദുസേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് യെച്ചൂരിയെ ആക്രമിക്കാനെത്തിയത്. അക്രമികളുടെ കൈയ്യേറ്റത്തില്‍ അടിതെറ്റിയ യെച്ചൂരി നിലതെറ്റി താഴെ വീണു. എകെജി സെന്ററിലെ ജീവനക്കാരാണ് അദേഹത്തെ പിടിച്ചെണീല്‍പ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ രക്ഷയ്‌ക്കെത്തി യെച്ചൂരിയെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്നും സംരക്ഷിച്ചു. പിന്നീട് ഇദേഹത്തെ മറ്റൊരു മുറിയിലേക്കു മാറ്റി.

അതേസമയം, യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സിപിഎം തീരുമാനിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ട ഗതികേടില്ലെന്നാണ് പാര്‍ട്ടി നിലപാട്. ദേശീയ നേതൃത്വത്തില്‍ ഒരുവിഭാഗം യെച്ചൂരി മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന മാനദണ്ഡവും മത്സരിക്കുന്നതിന് തടസമായി. യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു.

സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മല്‍സരിച്ചത്. ഇതിനെതിരെ സിപിഎമ്മിനകത്ത് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ബംഗാളില്‍ 32 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന് 44 ഉം തൃണമൂലിന് 211 ഉം എംഎല്‍എമാര്‍ ഉണ്ട്.

Related posts