മഞ്ചേരി: ഈത്തപ്പഴ സമൃദ്ധിയിൽ റംസാൻ വിപണി. മുന്പെങ്ങുമില്ലാത്ത വിധം ഈത്തപ്പഴങ്ങളുടെ വിവിധ ഇനയിനങ്ങളാണ് ഇക്കുറി റംസാൻ പ്രമാണിച്ചു വിപണിയിലിറങ്ങിയിരിക്കുന്നത്. സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഈത്തപ്പഴങ്ങൾ വില നോക്കാതെ നോന്പുകാർ വാങ്ങിക്കൊണ്ടു പോകുന്നു.
സൗദി അറേബ്യയിലെ ബിഷ്, ഖസീം മേഖലകളിൽ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഈത്തപ്പഴം എത്തുന്നത്. ബിഷ്യിലെ സഫരിയിൽ നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഈത്തപ്പഴത്തോട്ടത്തിൽ നിന്നു ശേഖരിക്കുന്ന പഴങ്ങൾ ഗുണമേ·ക്കനുസരിച്ച് തരം തിരിക്കുന്നു. മൂന്നൂറോളം ഇനങ്ങളാണ് ഈ തോട്ടത്തിൽ വിളയുന്നത്. ഇവയിൽ മുപ്പതിനം ലോക പ്രസിദ്ധമാണ്. ഖസീമിലെ അൽ ഖർജാണ് മറ്റൊരു പ്രധാന ഈത്തപ്പഴത്തോട്ടം.
മഞ്ചേരി അൽ തമരി കന്പനിയാണ് ജില്ലയിൽ ഈത്തപ്പഴത്തിന്റെ മൊത്ത വിതരണക്കാർ. സൗദി അറേബ്യ ഈത്തപ്പഴ വിപണിയിൽ പിടിമുറുക്കിയതോടെ ആദ്യകാല ഈത്തപ്പഴ വിപണിയിലെ കുത്തകകളായ ഇറാഖിലെ ബസ്റ മേഖല തളരുകയായിരുന്നു. ഗൾഫ് യുദ്ധത്തോടെയാണ് ഇറാഖിന്റെ ഈത്തപ്പഴ വിപണിയിലെ കുത്തകക്ക് സമാപനമാകുന്നത്. റംസാനിനോടനുബന്ധിച്ച് മിക്ക ഹോട്ടലുകളും ബേക്കറികളും തങ്ങളുടെ സ്ഥാപനങ്ങളുടെ മുൻവശത്ത് പ്രത്യേക സ്റ്റാളുകൾ കെട്ടി ഈത്തപ്പഴ വിൽപ്പന കൊഴുപ്പിക്കുകയാണ്.
കിലോക്ക് നൂറു രൂപമുതൽ മൂവായിരം രൂപ വില വരുന്ന അജ്വ ഈത്തപ്പഴം വരെ വിപണിയിൽ ലഭ്യമാണ്. മഷ്റൂഖ്, മബ്റൂം, സുക്കരി, ഖലാസ്, ബർഹി, സഫരി, വന്നാന, നബ്സഫ് തുടങ്ങി വിവിധ ഇനം ഈത്തപ്പഴങ്ങൾ സൗദി അറേബ്യയിൽ നിന്നു എത്തുന്പോൾ ഇറാൻ, ഒമാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നായി കീമിയ, തുനീഷ്യ, ബരാരി, ഫർദ്, മറിയാമി, ക്ലാസിക്, മബ്റൂഖ്, റുക്സാന തുടങ്ങിയവയും എത്തുന്നു.