ന്യൂഡല്‍ഹി: ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനു ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രംഗത്ത്.
പ്രധാനമന്ത്രിക്ക് ഇതു സംബന്ധിച്ച ശിപാര്‍ശകത്ത് അയച്ചതായി കായിക മന്ത്രാലയം വ്യക്തമാക്കി. ധ്യാന്‍ ചന്ദ് പുരസ്കാരത്തിന് അര്‍ഹനാണെന്നും മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ഭാരതരത്നം നല്‍കുന്നത് എന്തുകൊണ്ടും ഉചിതമാണെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി.
1928,32,36 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഒളിന്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിത്തന്ന ധ്യാന്‍ ചന്ദ് 1979ലാണ് മരിച്ചത്. ഇതാദ്യമായല്ല അദ്ദേഹത്തിനു ഭാരതരത്നം നല്‍കണമെന്ന ആവശ്യമുയരുന്നത്. 2011ലും 2013ലും ഇതേ ആവശ്യവുമായി ധ്യാന്‍ ചന്ദിന്റെ ബന്ധുക്കളും വിവിധ രാഷ്ട്രീയ കക്ഷികളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.