മുംബൈ: പലിശനിരക്കുമായി ബന്ധപ്പെട്ട നിരക്കുകൾ മാറ്റാതെ റിസർവ് ബാങ്ക് പണനയം. എന്നാൽ, ഭവനവായ്പകൾക്കു ചെറിയ ആഹ്വാനം ലഭിക്കാൻ സാധ്യതയുണ്ട്. ഭവനവായ്പകളുടെ അപായസാധ്യതാത്തോത് താഴ്ത്തി നിശ്ചയിക്കുകയും അതിനു വേണ്ട വകയിരുത്തൽ കുറയ്ക്കുകയും ചെയ്തു.
സർക്കാർ കടപ്പത്രങ്ങളിൽ ബാങ്കുകൾ നിക്ഷേപിക്കേണ്ട തുക അര ശതമാനം കുറച്ച് 20 ശതമാനമാക്കി. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) എന്നാണ് ഇതറിയപ്പെടുന്നത്. ബാങ്കിലെ മൊത്തം നിക്ഷേപങ്ങളുടെ 20.5 ശതമാനമാണ് ഇതുവരെ കടപ്പത്രങ്ങളിൽ സൂക്ഷിക്കേണ്ടിയിരുന്നത്. കടപ്പത്രങ്ങളിൽനിന്നു ബാങ്കുകൾക്കു പലിശ ലഭിക്കും.
ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽധന അനുപാതം (സിആർആർ) നാലു ശതമാനം മാറ്റമില്ലാതെ തുടരും.
ബാങ്കുകൾക്കു റിസർവ് ബാങ്കിൽനിന്നു ലഭിക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് 6.25 ശതമാനമായി തുടരും. ബാങ്കുകൾ മിച്ചം പണം റിസർവ് ബാങ്കിൽ നൽകിയാൽ ലഭിക്കുന്ന പലിശ (റിവേഴ്സ് റീപോ) ആറു ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും മാറ്റിയില്ല.
എസ്എൽആർ കുറച്ചതു ബാങ്കുകൾക്കു വായ്പ നല്കാവുന്ന തുകയിൽ 53,000 കോടി രൂപയുടെ വർധനയുണ്ടാകും. എന്നാൽ, കിട്ടാക്കടങ്ങൾ ഭീഷണിയായി നിൽക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾ വായ്പയേക്കാൾ ഗവൺമെന്റ് കടപ്പത്രങ്ങളുടെ സുരക്ഷിതത്വത്തിലാണ് നേട്ടം കാണുക.
ഇന്നലെ മുതൽ അനുവദിക്കുന്ന ഭവനവായ്പകൾക്കാണ് നഷ് ടത്തിനുള്ള വകയിരുത്തൽ കുറയ്ക്കുക. അതിനുവേണ്ടി അവയുടെ തരംതിരിവ് മാറ്റിക്കൊണ്ടു വിശദമായ സർക്കുലർ ഇറക്കും.
ഭവനവായ്പത്തുകയുടെ 0.4 ശതമാനം വകയിരുത്തൽ നടത്തിയിരുന്നത് ഇനി 0.25 ശതമാനം മതിയാകും. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വ്യക്തിഗത ഭവനവായ്പകളുടെ റിസ്ക്വെയിറ്റ് 75 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കി. 30 ലക്ഷം മുതൽ 75 ലക്ഷം വരെയുള്ള വായ്പകൾക്ക് ഇത് 35 ശതമാനമായി കുറച്ചു.ആറംഗ പണനയ കമ്മിറ്റിയിൽ ഒരാളൊഴികെ എല്ലാവരും നിരക്ക് മാറ്റേണ്ടതില്ലെന്ന് വോട്ട് ചെയ്തു. ഇതാദ്യമാണു കമ്മിറ്റിയിൽ ഭിന്നാഭിപ്രായം ഉണ്ടാകുന്നത്.