മകളുടെ ചെറുപ്പത്തില്‍ തന്നെ ഭാര്യയെ നഷ്ടമായി; ലാളിച്ചു വളര്‍ത്തിയ മകള്‍ വീടുവിട്ട് കോട്ടയത്തെ സ്കൂളില്‍ പഠിക്കണമെന്നു പറഞ്ഞത് സമ്മതിച്ചില്ല; മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ആത്മഹത്യ; റാന്നിയെ ഞെട്ടിച്ച ഇരട്ടമരണം ഇങ്ങനെ…

murder600പത്തനംതിട്ട: ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ മകളെ തന്റെ ജീവനേക്കാള്‍ സ്‌നേഹിച്ചവനാണ് രാജേഷ് എന്ന പിതാവ്. അവളുടെ ഒരാഗ്രഹത്തിനും അയാള്‍ എതിരു നിന്നില്ല. അമ്മയുടെ പാത പിന്തുടര്‍ന്ന് മകളെ അദ്ധ്യാപിക ആക്കാനായിരുന്നു ആ പിതാവിന്റെ ആഗ്രഹം. എന്നാല്‍, മകളുടെ ലക്ഷ്യം എന്‍ജിനീയറിങ്ങായിരുന്നു. പത്താംക്ലാസില്‍ മികച്ച വിജയം നേടിയ മകള്‍ ഉപരിപഠനത്തിനായി കോട്ടയത്ത് പോകണമെന്നു വാശി പിടിച്ചപ്പോള്‍ രാജേഷ് ഇത് സമ്മതിച്ചില്ല. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉറങ്ങി കിടന്ന മകളെ കഴുത്തുഞെരിച്ചു കൊന്ന് പിതാവും ജീവനൊടുക്കി. റാന്നിയെ നടുക്കിയ ഇരട്ടമരണത്തെ കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെയാണ്.

അഞ്ചുകുഴി ബിജുഭവനില്‍ പി.കെ.രാജേഷ് (46),ഏക മകള്‍ ആതിര (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് മരണവിവരം നാടറിഞ്ഞത്. ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ രാജേഷിന്റെ സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തി ഓടു പൊളിച്ചു നോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്. രാജേഷിന്റെ മൃതദേഹം സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയും മകളുടേത് മറ്റൊരു കിടപ്പുമുറിയിലെ കട്ടിലിലുമാണ് കിടന്നിരുന്നത്. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു ഇത്. സിറ്റാഡല്‍ സീനിയര്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ആതിര ഉപരിപഠനത്തിനു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണം. രാജേഷിന്റെ സഹോദരനും കുടുംബവും അടുത്താണ് താമസിക്കുന്നത്. തനിക്ക് പ്ലസ് വണിന് അഡ്മിഷന്‍ എടുക്കാന്‍ ചൊവ്വാഴ്ച കോട്ടയത്തേക്കു പോകുമെന്ന് ആതിര തലേന്ന് പിതൃസഹോദരന്റെ വീട്ടിലെത്തി പറഞ്ഞിരുന്നു.

അതിനാല്‍ തന്നെ ഇരുവരെയും പകല്‍ വീട്ടില്‍ കാണാതിരുന്നതിനാല്‍ ആര്‍ക്കും അസ്വഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരിക്കുകയും ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിലെത്താത്തതിനാലും സംശയം തോന്നുകയായിരുന്നു. തുടര്‍ന്നാണ് സഹോദരന്‍ പൊലീസില്‍ വിവരം അറിയിച്ചത്. അവര്‍ എത്തി വീടിന്റെ ഓടു പൊളിച്ച് കയറിയപ്പോഴാണ് പിതാവിന്റേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടത്. ആതിരയുടെ കഴുത്തില്‍ തോര്‍ത്തു പോലെയുള്ള തുണി ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണമായിരുന്നു ഉണ്ടായിരുന്നത്. കുട്ടി നല്ല ഉറക്കത്തില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നാണ് നിഗമനം. ചൊവ്വാഴ്ച രാത്രി വൈകിയാണ് മൃതദേഹങ്ങള്‍ കണ്ടതെങ്കിലും മരണം നടന്നത് തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലര്‍ച്ചയോ ആയിരിക്കുമെന്നാണ് പൊലീസ് നിഗമനം.

അങ്ങാടി പുല്ലൂപ്രം സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപിക ആയിരുന്നു ആതിരയുടെ അമ്മ ശോഭ. ആതിരയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് അസുഖം ബാധിച്ച് ഇവര്‍ മരിച്ചത്. പിന്നീട് രാജേഷ് മകള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. അമ്മയില്ലാതെ വളര്‍ന്ന കുട്ടിയുടെ എല്ലാ പിടിവാശികളും രാജേഷ് സാധിച്ചു നല്‍കുമായിരുന്നു. ഒടുവില്‍ പഠനത്തിനു നാടുവിട്ടു പോകണമെന്ന മകളുടെ ആഗ്രഹം ആ പിതാവിന് താങ്ങാവുന്നതിലധികമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച സിറ്റാഡല്‍ സ്കൂളില്‍ തന്നെ ചേരാനായിരുന്നു രാജേഷിന്റെ നിര്‍ദ്ദേശം. എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം എന്‍ജിനീയറിങ് എന്‍ട്രന്‍സിനു കൂടി പരിശീലനം നേടാന്‍ ഉതകുന്ന കോട്ടയത്തെ സ്കൂളില്‍ ചേരണമെന്ന വാശിയിലായിരുന്നു മകള്‍. ആതിരയുടെ കടുംപിടുത്തവും വാശിയും അതിരു കടന്നപ്പോള്‍ ആരും അറിയാതെ മനഃശാസ്ത്രജ്ഞന്റെ ഉപദേശവും രാജേഷ് തേടി. കൗണ്‍സിലിങ് നടത്താനുള്ള പിതാവിന്റെ ലക്ഷ്യം മാത്രം നടന്നില്ല. അതിനു മുമ്പായി പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കായി. ഇത് ഒടുക്കം രണ്ടുപേരുടെയും മരണത്തില്‍ കലാശിക്കുകയായിരുന്നു.

Related posts