നവാസ് മേത്തര്‍
തലശേരി: സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജന്റെ മകള്‍ അഞ്ജുനക്കെതിരേ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ ശ്രമക്കേസ് പോലീസ് എഴുതിത്തള്ളി. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാക്കള്‍ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിത് യുവതിയായ അഞ്ജുന ആത്മഹത്യയ്ക്കു ശ്രമിച്ചത് സംസ്ഥാന -ദേശീയ തലത്തില്‍ തന്നെ ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ അഡ്വ.എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ കുറ്റക്കാരനല്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അഞ്ജുനക്കെതിരേയുള്ള കേസും എഴുതിത്തള്ളിയിട്ടുള്ളത്. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിമാക്കൂല്‍ സംഭവത്തിലെ കേസുകള്‍ പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിട്ടുള്ള കേസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റു ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗവുമായ പി.പി. ദിവ്യ മാത്രമാണ് ഇപ്പോള്‍ പ്രതിയായിട്ടുള്ളത്. അഞ്ജുനക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള കേസ് എഴുതി തള്ളിയതോടെ പി.പി. ദിവ്യയും കുറ്റവിമുക്തയാകാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. എന്നാല്‍ ദിവ്യ പ്രതിയായിട്ടുള്ള കേസില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. അമിതമായി ഗുളികകള്‍ കഴിച്ചാണ് അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഗുളിക പാരസറ്റമോളാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ട് തേടുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റേയും പ്രോസിക്യൂഷന്റെയും ഉപദേശം തേടിയ ശേഷമാണ് അഞ്ജുനക്കെതിരേയുള്ള കുറ്റം നിലനില്‍ക്കുന്നതല്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് പോലീസ് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തലശേരി ഡിവൈഎസ്പി യായിരുന്ന ഷാജു പോളാണ് എ.എന്‍. ഷംസീറിനെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിരുന്നത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഷംസീറിനും ദിവ്യക്കുമെതിരെ ഐപിസി 109 റെഡ് വിത്ത് 309 -ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നത്. ഐപിസി 309 -ാം വകുപ്പ് പ്രകാരമാണ് അഞ്ജുനക്കെതിരെ കേസെടുത്തിരുന്നത്. പൊതുശല്യം, ക്വട്ടേഷന്‍ സംഘം എന്നീ വാക്കുകള്‍ അഞ്ജുനയ്ക്കും കുടുംബത്തിനുമെതിരെ ചാനല്‍ചര്‍ച്ചയില്‍ ഷംസീറും ദിവ്യയും ഉപയോഗിച്ചവെന്നും ഇതില്‍ മനം നൊന്താണ് അഞ്ജുനയുടെ ആത്മഹ്യാ ശ്രമമെന്നുമാണ് എഫ്ഐആറില്‍ പറഞ്ഞിരുന്നത്.
ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിച്ചുവെന്ന കേസില്‍ അഞ്ജുനയേയും സഹോദരി അഖിലയേയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കൈക്കുഞ്ഞുമായി ഇരുവരും ജയിലിലടക്കപ്പെട്ടത് ഏറെ വിവാദമാകുകയും സംസ്ഥാന-ദേശീയ നേതാക്കള്‍ സംഭവത്തില്‍ ഇടപെടുകയും കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. ദളിത് സഹോദരികള്‍ ജയില്‍ മോചിതരായ ശേഷം നടന്ന ചാനല്‍ ചര്‍ച്ചക്കിടയിലാണ് സിപിഎം നേതാക്കള്‍ അഞ്ജുനയെ അപമാനിച്ചതത്രെ. തുടര്‍ന്ന് രാത്രിയില്‍ അഞ്ജുന അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ദിവസങ്ങളോളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുഡിഎഫിന്റെ സംസ്ഥാന നേതാക്കളെല്ലാം തന്നെ അഞ്ജുനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ദളിത് കുടുംബത്തിലെ അംഗങ്ങളായ അഞ്ജുനയേയും അഖിലയേയും കൈക്കുഞ്ഞിനേയും ജയിലിലടച്ച സംഭവത്തിൽ പട്ടികജാതി പട്ടിവർഗ കമ്മീഷന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റിംഗില്‍ അന്നത്തെ ജില്ലാ പോലീസ് ചീഫായിരുന്ന സഞ്ജയ്കുമാര്‍ ഗരുഡിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. കമ്മീഷണന് സിറ്റിംഗില്‍ ഹാജരാകാതിരുന്നതിനാണ് സംഭവ സമയത്ത് എസ്പിയായിരുന്ന സഞ്ജയ്കുമാര്‍ ഗരുഡിനെതിരെ അച്ചടക്ക നടപടിക്ക് കമ്മീഷന് ചെയര്മാന് പി.എന്‍ വിജയകുമാര്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. സംഭവ സമയത്ത് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജുനയില്‍ നിന്നും കുടുംബാഗംങ്ങളില്‍ നിന്നും പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന് പ്രതിനിധിയായി തിരുവന്തപുരത്തു നിന്നെത്തിയ ഗിരിജകുമാരിയും അഞ്ജുനയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.