തമിഴിൽ മെഗാ ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം സംഘമിത്രയിൽ നയൻതാരയോ അനുഷ്കയോ നായികയായേക്കും. ആദ്യം ഈ ചിത്രത്തിൽ നായികയായി ശ്രുതി ഹാസനെയാണ് പരിഗണിച്ചിരുന്നത്. പിന്നീടു പലരുടെയും പേരുകൾ പറഞ്ഞുകേട്ടു. ഇപ്പോൾ നയൻതാര, അനുഷ്ക ഷെട്ടി എന്നീ പേരുകളാണ് സജീവമെങ്കിലും നയൻതാരയ്ക്കു തന്നെയാണു മുൻതൂക്കം. ഒരു ഓണ്‍ലൈൻ മാധ്യമം ആരാധകർക്കിടയിൽ നടത്തിയ സർവേയിലാണ് നയൻസിനു മുൻതൂക്കം ലഭിച്ചത്.
നയൻസിനും അനുഷ്കയ്ക്കും പുറമേ തമന്ന, കാജൽ അഗർവാൾ, ഹൻസിക എന്നിവരും സർവേ പട്ടികയിലുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകളിലെ മികച്ച പ്രകടനമാണ് അനുഷ്കയെയും നയൻതാരയെയും മുന്നിലെത്തിച്ചത്. ചരിത്രകഥ പറയുന്ന ചിത്രങ്ങൾ അഭിനയിച്ച് അനുഷ്ക തിളങ്ങിയപ്പോൾ ഹൊറർ ചിത്രങ്ങളിൽ അഭിനയിച്ചാണ് നയൻതാര തിളങ്ങിയത്. സംഘമിത്രയിൽ ഇവരിൽ ആരായാലും പൊളിക്കുമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഒരു ചിത്രത്തിനായി നയൻതാര രണ്ടു വർഷക്കാലം നീട്ടിവയ്ക്കുമോ എന്നാണ് അണിയറപ്രവർത്തകർ സംശയിക്കുന്നത്.
തെൻട്രൽ ഫിലിംസിന്റെ ബാനറിൽ സുന്ദർസി ഒരുക്കുന്ന ചിത്രത്തിൽ ജയംരവിയും ആര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. കോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് സംഘമിത്രയെന്നാണ് അണിയറക്കാരുടെ അവകാശവാദം.