ഷൊർണൂർ: മഴദൈവങ്ങൾ കനിയുന്നില്ല; ഇടവപ്പാതി പിന്നിട്ടിട്ടും കാലവർഷം ദുർബലമായതോടെ കാർഷികവൃത്തി കളും അവതാളത്തിലായി. വേനൽമഴ മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി അധികം ലഭിച്ചെങ്കിലും കടുത്ത വേനൽച്ചൂട് ജില്ലയെ ഊഷരമാക്കി.
വരൾച്ചാകാലത്തിനുശേഷവും സാധാരണരീതിയിലേക്ക് കാലാവസ്ഥ എത്തിയില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴും ദൃശ്യമാകുന്നത്. വേനൽമഴ ലഭിച്ചതോടെ കർഷകർ പ്രതീക്ഷയോടെ പൊടിവിത, ഞാറ്റടി തയാറാക്കൽ ഉൾപ്പെടെയുള്ള കൃഷിപണികൾ തുടങ്ങിയിരുന്നു. രണ്ടാഴ്ചമുതൽ ഒരുമാസംവരെയായി പൊടിവിത തുടങ്ങിയിട്ട്.
വിത്തുമുളച്ചു രണ്ടുംമൂന്നും ഇലകളാകുകയും ചെയ്തു. ഇപ്പോൾ നല്ലപോലെ മഴ ലഭിക്കേണ്ട സമയമാണ്. എന്നാൽ ചെറിയ ചാറ്റൽമഴ മാത്രമാണ് കിട്ടുന്നത്.,കനത്ത മഴ ഇതുവരെയും ലഭിക്കാത്തത് വൻപ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മഴയുടെ ഒളിച്ചുകളിമൂലം കർഷകർ ആശങ്കയിലാണ്. കടുത്ത കുടിവെള്ളക്ഷാമമുണ്ടാകുമെന്നതാണ് ആശങ്കയ്ക്കു കാരണം.
കളമുളച്ച് തഴച്ചുവളരുന്നതിനുള്ള സാഹചര്യവും ഇപ്പോൾ കൂടുതലുള്ളത്. കളനാശിനി പ്രയോഗം നടത്തുകയാണ് ഭൂരിഭാഗം കർഷകരും. ഞാറുനടാൻ തയാറാക്കിയ ഞാറ്റടികൾ പറിച്ചുനടാൻ കാലമായി. എന്നാൽ വെള്ളക്കുറവുമൂലം ഞാറു പറിക്കാനാകുന്നില്ല. ഉറച്ചുപോയ പാടത്ത് ഞാറുനടാനുമാകില്ല.
21 മുതൽ 28 ദിവസത്തിനുള്ളിൽ ഞാറു പറിച്ചു നടണമെന്നാണ് കണക്ക്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനു സാധ്യമല്ല. യന്ത്രനടീൽ നടത്തുന്നതിനും മഴക്കുറവ് തടസമാണ്. കാലവർഷം കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും ദുർബലമായാൽ കൊടുംവരൾച്ചയാകും പരിണിതഫലം.