ന്യൂഡല്‍ഹി: വനിതകളുടെ നിയന്ത്രണത്തില്‍ ഒരു കപ്പല്‍, അതും നാവികസേനയുടെ. ഈ കപ്പലിന്റെ ദൗത്യമാകട്ടെ ഉലകം ചുറ്റലും. ഇന്ത്യന്‍ നാവിക സേന ചരിത്രമെഴുതുകയാണ് ഐഎന്‍എസ് തരിണിയിലൂടെ. ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ തരിണി ജലയാത്ര നടത്തുന്നത് പെണ്‍പടയ്‌ക്കൊപ്പമാണ്. നാവികസേനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മുഴുവന്‍ വനിത ജോലിക്കാരുമായി ഒരു കപ്പല്‍ ഭൂമിയെ കടല്‍ മാര്‍ഗ്ഗം ചുറ്റാന്‍ തുനിഞ്ഞിറങ്ങുന്നത്. എട്ട് വനിതകളുമായി ഓഗസ്റ്റിലാണ് യാത്ര ആരംഭിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തരിണിയുടെ യാത്ര.
നാവികസേനയുടെ ചരിത്രപുസ്തത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ് തരിണിയുടെ ഈ യാത്ര. ഇന്ത്യന്‍ നേവിയുടെ ആദ്യ യാത്രാ കപ്പലായ ഐന്‍എസ് മഹാദേയ്ക്കു പകരം ഫെബ്രുവരിയിലാണ് തരിണി നാവികസേനയില്‍ അംഗമാകുന്നത്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ ഐന്‍എസ് തരിണിയ്ക്ക് 55 ഫീറ്റ് നീളമുണ്ട്.
ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍ത്തിക ജോഷിയാണ് തരിണിയുടെ യാത്രയില്‍ സാരഥ്യം വഹിക്കുന്നത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ പ്രതിഭ ജംവാള്‍, ലഫ്റ്റനന്റ് പി സ്വാതി, വിജയാ ദേവി, പയാല്‍ ഗുപ്ത, ബി.ഐശ്വര്യ എന്നിവരാണ് മറ്റ് വനിത അംഗങ്ങള്‍. കഴിഞ്ഞ ദിവസം കരസേനയുടെ യുദ്ധമുഖത്ത് വനിതകളെ എത്തിക്കുമെന്നും ഉദ്യോഗസ്ഥ വ്യത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു