തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഒഴുക്കാനുള്ള സാഹചര്യമൊരുക്കി എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം. പുതിയ മദ്യനയം അനുസരിച്ച് ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിൽ എൽഡിഎഫിന്റെ മദ്യനയം വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിൽ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് ഉള്ളത്. എന്നാൽ ത്രീസ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കുകൂടി ബാർ ലൈസൻസ് നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂട്ടിയ ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കാൻ പുതിയ മദ്യനയം വഴിയൊരുക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ ബിയർ വൈൻ പാർലറുകൾക്കും ബാറുകൾക്കും അതാത് താലൂക്കുകളിൽ മാറ്റിസ്ഥാപിക്കാൻ അനുമതി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പൂട്ടിയ ബിയർ വൈൻ പാർലറുകളിലെ തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കണമെന്ന വ്യവസ്ഥയിൽ വൃത്തിയുള്ള കെട്ടിടത്തിൽ മാറ്റി സ്ഥാപിക്കാനായിരിക്കും അനുമതി നൽകുക. ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള എല്ലാ ഹോട്ടലുകളിലും കള്ള് വിൽപ്പന നടത്താനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാറുകളുടെ പ്രവർത്തനം സമയം 12 മണിക്കൂറായി പുനക്രമീകരിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഇനി ബാറുകൾ പ്രവർത്തിക്കുക. എന്നാൽ ടൂറിസം മേഖലയിൽ 13 മണിക്കൂറായി ബാറുകളുടെ പ്രവർത്തനസമയം ദീർഘിച്ചു. ഈ മേഖലകളിൽ രാവിലെ 10 മണിമുതൽ 11വരെ ബാറുകൾക്ക് പ്രവർത്തിക്കാം.