മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്പോൾ വിദ്യാ ബാലനെയായിരുന്നു മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ആമിയായി ആദ്യം കണ്ടിരുന്നത്. എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. നിനച്ചിരിക്കാതെ വിദ്യ പിൻമാറി. മഞ്ജു വാര്യർ ആമിയായി എത്തുകയും ചെയ്തു. വിദ്യയുടെ പിന്മാറ്റത്തെക്കുറിച്ച് അന്ന് കഥകൾ പലതും പ്രചരിച്ചിരുന്നു. ചർച്ചകളും വാഗ്വാദങ്ങളും പൊടിപൊടിച്ചു. വിവാദത്തിൽ രാഷ്്ട്രീയവും മതവുമൊക്കെ കൂടിക്കുഴഞ്ഞു. അന്നൊന്നും പക്ഷേ, വിദ്യ ഒന്നും പറഞ്ഞില്ല.
എന്നാൽ കമലിന്റെ ആമിയിൽ നിന്ന് പിന്മാറാൻ വിദ്യക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങൾ വളരെ വൈകി ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ വിദ്യ വെളിപ്പെടുത്തിയിരിക്കുന്നു. ഞാൻ ഒരുപാട് സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ്, നിങ്ങളുടെ മാധവിക്കുട്ടി. ആ ചിത്രം തുടങ്ങാൻ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിലായപ്പോയി. എന്നാൽ, ഒരു സമയത്ത് കമലിനും എനിക്കുമിടയിൽ വളരെ ക്രിയേറ്റീവായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. തിരക്കഥയുടെ അവസാനരൂപം സംബന്ധിച്ച് ഞങ്ങൾ രണ്ടാൾക്കും വേറിട്ട കാഴ്ചപ്പാടുകളും സമീപനവുമാണ് ഉണ്ടായിരുന്നത്.
രാഷ്്ട്രീയപരമായ സമ്മർദം കൊണ്ടാണ് ഞാൻ സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. ഞാൻ ചിത്രത്തിൽ നിന്ന് പിന്മാറിയതിനുശേഷം മഞ്ജു വാര്യരാണ് കമലയുടെ വേഷം ചെയ്യുക എന്ന് എന്നോട് പറഞ്ഞിരുന്നു-വിദ്യ പറഞ്ഞു. ഒരു നടി എന്ന നിലയിൽ ഞാൻ ഭയങ്കര അത്യാഗ്രഹിയായ ഒരാളാണ്. ഏറ്റവും മികച്ചതിനുവേണ്ടി ഏറ്റവും മികച്ച ടീമിനൊപ്പം വർക്ക് ചെയ്യണം എന്നാണ് ആഗ്രഹം-വിദ്യ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.