കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 1.10നാണ് രണ്ട് സ്റ്റീൽ ബോംബുകൾ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അക്രമികൾ എറിഞ്ഞത്. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി പി. മോഹനൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പി. മോഹനനു നേരേ നടന്നത് വധശ്രമമാണെന്നു സിപിഎം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓഫീസ് അക്രമത്തിന് പിന്നിൽ നാല് പേരടങ്ങുന്ന സംഘമാണെന്ന് പി. മോഹനൻ പറഞ്ഞു. അക്രമികൾ തകർത്ത ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം ജില്ലാ കമ്മിറ്റി ഓഫീസിൽ മോഹനൻ തിരിച്ചെത്തിയപ്പോഴായിരുന്നു ബോംബേറ്. ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിൽ മോഹനൻ വന്നിറങ്ങി ഓഫീസിനകത്തേക്ക് കയറുന്നതിനിടെയാണ് ബോംബേറുണ്ടായത്.
രണ്ട് സ്റ്റീൽ ബോംബുകളാണ് അക്രമി സംഘം എറിഞ്ഞത്. ഇതിൽ ഒന്ന് പൊട്ടി ഓഫീസിന് കേടുപാടുകൾ സംഭവച്ചു. മറ്റൊന്ന് ഓഫീസ് മുറ്റത്ത് കണ്ടെത്തുകയായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള എകെജി ഹാളിന് പിറകു വശത്തുകൂടിയുള്ള ഇടവഴിയലൂടെയാണ് അക്രമിസംഘം ഓഫീസ് പരിസരത്ത് എത്തിയതെന്ന് നേതാക്കൾ പറഞ്ഞു. താനടക്കമുള്ള പ്രവർത്തകരെ ലക്ഷ്യം വച്ചായിരുന്നു അക്രമമെന്ന് മോഹനൻ പറഞ്ഞു. ആർഎസ്എസിന്റെ നയത്തിന്റെ ഭാഗമാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. അതേസമയം ഇന്നലെ രാത്രിയും വടകരയിലും ഫറോക്ക് മേഖലയിലും സിപിഎം-ബിജെപി ഓഫീസുകൾക്ക് നേരെ അക്രമ പരന്പര നടന്നു.
വടകരയിൽ വൈകുന്നേരം വടകര ആർഎസ്എസ് കാര്യാലത്തിന് നേരെ കല്ലേറുണ്ടായതിന് തുടർച്ചയെന്നോണം രാത്രി ഡിവൈഎഫ്ഐയുടെ യുവധാര സെന്ററിന് അക്രമികൾ തീയിട്ടിരുന്നു. തുടർന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഇരു വിഭാഗവും കല്ലേറും നടത്തി. ഇവരെ പോലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. രാത്രി വൈകിയും വടകരയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. മേഖലയിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ഹർത്താൽ ആരംഭിച്ചു
കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഹർത്താലിൽ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വാഹനങ്ങൾ തടയുന്നുണ്ട്. നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല. കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.