സീതത്തോട്: അടവിക്കു പിന്നാലെ ഗവി യാത്രക്കാരെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരിക്കു ക്രമീകരണങ്ങളായി. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കൊച്ചാണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറിൽ കിളിയെറിഞ്ഞാൻകല്ല് വനാതിർത്തിയിലെ ജലാശയത്തിലാണ് സവാരിക്കു ക്രമീകരണങ്ങളൊരുക്കിയിരിക്കുന്നത്.
സീതത്തോട് ഗ്രാമപഞ്ചായത്തിൽ തുഴച്ചിൽക്കാർക്കുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത 16 പേരെ തെരഞ്ഞെടുത്തു പരിശീലനം പൂർത്തീകരിച്ചു. ഹൊഗനക്കൽ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചിൽ വിഗധരാണ് പരിശീലനം കൊടുക്കുന്നത്.
സവാരിക്കാവശ്യമായ 16 കുട്ടവഞ്ചികളാണ് മൈസൂരിലെ ഹോഗനക്കലിൽ നിന്നുമാണ് കഴിഞ്ഞമാസം ഇവിടെ എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികൾക്കാണ് യാത്ര ചെയ്യാൻ കഴിയുക. വാർഷികപദ്ധതിയിൽ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. സവാരിക്കായി കൊച്ചാണ്ടിയിൽ തടയണ നിർമിച്ചിട്ടുണ്ട്.
ഒരു കിലോമീറ്ററോളം കുട്ടവഞ്ചിയിൽ യാത്ര ചെയ്തു കാനനസൗന്ദര്യം ആസ്വദിക്കാനാകും.നിലവിൽ വനം, ഡിടിപിസി തയാറാക്കിയിരിക്കുന്ന ടൂറിസം പദ്ധതിയിൽ കോന്നി ആനക്കൂട്ടിൽ നിന്നാണ് ഗവി പാക്കേജ് യാത്ര ആരംഭിക്കുന്നത്. അടവിയെലിത്തി കുട്ടവഞ്ചി സവാരി നടത്തിയശേഷമാണ് ഗവിയിലേക്ക് യാത്ര തിരിക്കേണ്ടത്. ഇതോടെ ഉച്ചയാകുമെന്നതിനാൽ സഞ്ചാരികൾക്ക് ഗവി യാത്ര ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്.
കൊച്ചാണ്ടിയിൽ കുട്ടവഞ്ചി യാത്ര സജ്ജീകരിക്കുന്നതോടെ ഗവി ടൂറിസത്തിന്റെ സാധ്യതയും വർധിക്കും. പ്രദേശവാസികൾക്ക് തൊഴിലവസരം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് പറഞ്ഞു. സീതത്തോട്ടിലെ ശ്രദ്ധേയമായ മറ്റ് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് പ്രകാരമുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
ഗവി വിനോദയാത്ര, നിലയ്ക്കൽ പള്ളി, ആലുവാംകുടി ശിവക്ഷേത്രം, കോട്ടപ്പാറ മലനട ക്ഷേത്രം, സീതക്കുഴി, സീതമുടി പാറ തുടങ്ങി നിരവധി പ്രദേശങ്ങൾ സീതത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ട്. ഇവയെല്ലാം ഉൾപ്പെടുത്തി സീതത്തോട്ഗവി ജനകീയ ടൂറിസം പദ്ധതിയാണ് നടപ്പിലാക്കുന്നത്.