കോന്നി: പത്ത് വയസുകാരന്റെ കാലിൽ തറച്ച കുപ്പിച്ചില്ല് നീക്കം ചെയ്യാതെ ഡോക്ടർ തുന്നിക്കെട്ടിയതായി പരാതി.കോന്നി മുരിങ്ങമംഗലം കച്ചാനത്ത് മുരുപ്പേൽ രഘു വിന്റെയും ഓമനയുടെയും മകൻ അഖിലിനാന്ന് ഡോക്ടറുടെ അനാസ്ഥ മൂലം മാസങ്ങളോളം അതിവേദന അനുഭവിക്കേണ്ടി വന്നത്.
കഴിഞ്ഞ ഏപ്രിൽ പത്തിനു സമീപത്തെ പുരയിടത്തിൽ നിന്നും കാലിൽ കുപ്പിച്ചില്ല തറച്ചതിനെ തുടർന്ന് അഖിലിനെ മാതാവ് ഓമന കോന്നി താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയത്.എന്നാൽ ഇവർ സംശയം അറിയിച്ചിട്ടും ഡ്യൂട്ടി ഡോക്ടർ ചില്ല് കാലിൽ തറച്ചിരിപ്പുണ്ടോയെന്ന് പരിശോധിക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. എന്നാൽ കുട്ടിയുടെ കാലിന്റെ വേദനക്ക് ശമനമുണ്ടായില്ല.
അഖിലിനെ പല തവണ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ കാണിച്ചെങ്കിലും കാര്യമായ പരിശോധനയുണ്ടായില്ല. മുറിവ് ഉണങ്ങിയിട്ടും അസഹ്യമായ വേദന കാരണം കുട്ടിയുടെ കാല് നിലത്ത് കുത്താൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ എക്സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ട് ചില്ലുകഷണങ്ങൾ അസ്തിയിൽ തറച്ച് ഇരിക്കുന്നത് കണ്ടെത്തിയത്, തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ചില്ല് കഷണങ്ങൾ നീക്കം ചെയ്തു.