കോട്ടയം: ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടി കോട്ടയം കുമരകത്തിനു പുത്തൻ പ്രതീക്ഷകൾ നൽകുന്ന വിവിധ പദ്ധതികൾക്ക് സർക്കാരിന്റെ അംഗീകാരം. കുമരകത്തെ ജലാശയങ്ങൾ വിനോദ സഞ്ചാരത്തിന് ഉപയുക്തമാക്കുന്നവിധത്തിൽ നവീകരിക്കുന്നതിന് സംസ്ഥാന ടൂറിസം വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
കുമരകം ബോട്ട് ജെട്ടിയിൽ സഞ്ചാരികൾക്ക് ആവശ്യമായ ഫെസിലിറ്റി സെന്റർ നിർമിക്കാനും പദ്ധതിയുണ്ട്. പ്രദേശത്തിന്റെ ടൂറിസം വികസന സാദ്ധ്യത കണക്കിലെടുത്ത് കുമരകം പഞ്ചായത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പള്ളിച്ചിറ- നേരേമട റോഡിന്റെ വികസനത്തിന് ആറു കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ഇതിന്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ജലാശയങ്ങളുടെ പുനരുജ്ജീവനത്തിനും ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുമായി ടൂറിസം വികസന കോർപ്പറേഷൻ നടപ്പാക്കുന്ന മറ്റൊരു പദ്ധതിക്ക് 4.65 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.
കുമരകത്തെ ബോട്ടിംഗിന്റെയും അനുബന്ധ സൗകര്യങ്ങളുടേയും വികസനത്തിനായി 3.04 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിക്ക് കീഴിൽ പുതിയ ബോട്ടുകൾ വാങ്ങുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. കുമരകത്തിന്റെ സൗന്ദര്യ വത്ക്കരണത്തിനായി 2.44 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനയാണ് പദ്ധതികൾ നടപ്പാക്കുക. കുമരകത്തെ ഗൊങ്ങിനിക്കരി വ്യൂ പോയിന്റിൽ വാർത്താ വിനിമയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സ്ഥലത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കവണാറ്റിൻകരയിൽ സഞ്ചാരികൾക്കായി 3.52 ലക്ഷം രൂപ ചെലവിൽ ഒരുക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണവും പൂർത്തിയാകുകയാണ്.
കോട്ടയത്തെ നാലുമണിക്കാറ്റിൽ സഞ്ചാരികൾക്കായുളള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് 6.65 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതിയായിട്ടുണ്ട്. അപകട സാധ്യത മുൻനിർത്തി ജില്ലയുടെ ഇല്ലിക്കൽ കല്ല് ടൂറിസം കേന്ദത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൗണ്‍സിലിന്റെ കീഴിൽ കോടിമതയിലുളള വാട്ടർ പാർക്കിൽ ബോട്ടിംഗ്, വാട്ടർ സ്കൂട്ടർ, ബനാനാറൈഡ് തുടങ്ങിയവക്കുളള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തലയോലപ്പറന്പ് പഞ്ചായത്തിൽ മുവാറ്റുപുഴയാറിന്റെ തീരത്ത് വടയാറിൽ സഞ്ചാരികൾക്കായി വഴിയോര വിശ്രമകേന്ദ്രവും ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സജമാക്കിയിട്ടുണ്ട്.