തൃശൂർ: മെഡിക്കൽ കോളജിൽ എംആർഐ സ്കാൻ സേവനം നല്കുന്ന എച്ച്എൽഎൽ കന്പനി വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ സമാഗ്രാന്വേഷണം നടത്തണമെന്നു പി.കെ.ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്ത് നല്കിയതായും എംപി വ്യക്തമാക്കി.
എംആർഐ സ്കാൻ സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ ഏകദേശം 2500 ചതുരശ്ര അടി വരുന്ന സ്ഥലം പശ്ചാത്തല സൗകര്യങ്ങളോടുകൂടി വാടക കൂടാതെയാണ് കരാർ വ്യവസ്ഥയനുസരിച്ച് എംആർഐ സ്കാൻ സെന്ററിനായി എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനു മെഡിക്കൽ കോളജിൽ അനുവദിച്ചിട്ടുളളത്. കൂടാതെ വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ കോളജ് അധിക്യതർ കരാറിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഭാഗത്തുനിന്നും തുടർച്ചയായി കരാർ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.
എച്ച്എൽഎൽ അംഗീകരിച്ചിരിക്കുന്ന കരാർ വ്യവസ്ഥയിലെ എട്ടാം നന്പർ പ്രകാരം ഇൻപേഷ്യന്റായ രോഗികളിൽ എംആർഐ സ്കാൻ ചെയ്തവരുടെ ആകെ എണ്ണത്തിന്റെ പത്തു ശതമാനത്തിൽ പരിമിതപ്പെടുത്തി ഇൻപേഷ്യന്റായ ബിപിഎൽ രോഗികൾക്കു സൗജന്യമായി സ്കാൻ ചെയ്തു നല്കാമെന്നാണ് കാണിച്ചിരിക്കുന്നത്. കൂടാതെ സൗജന്യ ബിപിഎൽ എംആർഐ സ്കാനിനുളള കോണ്ട്രാസ്റ്റ് മീഡിയ ചെലവും എച്ച്എൽഎൽ വഹിക്കണം.
എന്നാൽ യാതൊരു ഇളവും നല്കാതെയാണ് ബിപിഎൽ രോഗികളിൽനിന്നും എച്ച്എൽഎൽ ഫീസ് ഈടാക്കുന്നത്.ഇതിനുപുറമെ ഓരോ മാസവും ഇൻപേഷ്യന്റ്/ഒൗട്ട് പേഷ്യന്റ് വ്യത്യാസമില്ലാതെ പത്തു രോഗികൾക്കു പഠനാവശ്യത്തിനു സൗജന്യ എംആർഐ സ്കാൻ അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. റേഡിയോ ഡയഗ്നോസിസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് എംആർഐ സ്കാൻ സംബന്ധിച്ച് പ്രബന്ധം തയാറാക്കുന്നുണ്ടെങ്കിൽ ഒരു വിദ്യാർത്ഥിക്ക് ആറു മാസത്തേക്കായി പ്രബന്ധ രചനാവശ്യത്തിനായി മാസത്തിൽ അഞ്ചിൽ പരിമിതപ്പെടുത്തി സൗജന്യ എംആർഐ സ്കാൻ അനുവദിക്കണം. ഒരു മാസത്തിൽ രണ്ടിൽ കൂടാത്ത വിദ്യാർത്ഥികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും വ്യവസ്ഥയുണ്ട്.
റേഡിയോ ഡയഗ്നോസിസ് വകുപ്പ് മേധാവി നല്കുന്ന ഷെഡ്യൂൾ പ്രകാരം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കു പരിശീലനവും നല്കേണ്ടതാണ്. എംആർഐ സ്കാനിനായി എത്തുന്ന രോഗികളുടെ എണ്ണം ഒരു ദിവസം ഇരുപത്തിനാലിൽ കൂടുന്ന സമയത്തും, രോഗിയുടെ കാത്തിരിപ്പുകാലം അഞ്ച് ദിവസത്തിൽ അധികരിക്കുന്ന സമയത്തും ആഴ്ചയിൽ ഏഴു ദിവസവും, ഇരുപത്തിനാലു മണിക്കൂറും എംആർഐ സ്കാൻ സേവനം രോഗികൾക്കു നല്കേണ്ടതാണെന്ന വ്യവസ്ഥ എച്ച്എൽഎൽ അംഗീകരിച്ചിട്ടുണ്ട്.
ഇതും പാലിക്കപ്പെടുന്നില്ല. രോഗികളുടെ കാത്തിരിപ്പുകാലം ഒരു മാസത്തിൽ അധികരിക്കുന്നതുവരെ മറ്റൊരു എംആർഐ കേന്ദ്രം സ്ഥാപിക്കില്ലെന്നാണ് സർക്കാർ സമ്മതിച്ചിട്ടുള്ളത്. നിലവിൽ എംആർഐ സ്കാനിനായി രോഗികൾ ഏറെനാൾ കാത്തിരിക്കേണ്ട സാഹചര്യമാണ് മെഡിക്കൽ കോളജിൽ നിലവിലുളളത്.
ഡോക്ടർമാർ നിർദേശിക്കുന്ന അത്യാവശ്യ ഘട്ടങ്ങളിലുള്ള രോഗികൾക്കുപോലും സൗകര്യമൊരുക്കാതെ നേരത്തെ ബുക്ക് ചെയ്തവർക്കു മാത്രമാണ് എംആർഐ സ്കാൻ എച്ച്എൽഎൽ നൽകുന്നത്. എംആർഐ സ്കാനിനായി കാത്തിരിക്കുന്ന രോഗികളുടെ നീണ്ട പട്ടിക പുറത്തുവരാത്ത വിധമാണ് എച്ച്എൽഎൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രസ്തുത കരാർ ലംഘനം മാത്രം പരിഗണിച്ചാൽതന്നെ പുതിയ എംആർഐ സ്കാൻ സൗകര്യം മെഡിക്കൽ കോളജിൽ ഒരുക്കാവുന്നതാണെന്നും എംപി ചൂണ്ടിക്കാണിച്ചു.