മന്ത്രിയുടെ വാക്കിന് പുല്ലുവില..! അട്ടപ്പാടിയിലെ കർഷകർക്ക് ജപ്തി നോട്ടീസ് നൽകരുതെന്ന മന്ത്രിയുടെ വാക്കിന് പിന്നാലെ ബാങ്കിന്‍റെ ജപ്തിനോട്ടീസ് ഭീഷണി

sunilkumar-lഅഗളി: വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും നിമിത്തം കൃഷിനാശംനേരിട്ട് ജീവനോപാധി തേടി അലയുന്ന അട്ടപ്പാടിയിലെ കർഷക മനസിൽ ഇടിത്തീയായി സ്റ്റേറ്റ് ബാങ്കിന്റെ ജപ്തിനോട്ടീസ് ഭീഷണി. കാർഷിക വായ്പയുടെ കാലാവധി ഒരു വർഷമാണെന്നും വിളവെടുപ്പു കഴിഞ്ഞാലുടനെ മുതലും പലിശയും അടയ്ക്കണമെന്നും അല്ലാത്തപക്ഷം കേന്ദ്രസർക്കാരിന്റെ മൂന്നരശതമാനം സബ്സിഡി നഷ്‌ടമാകുമെന്നും പലിശ 12 ശതമാനംവരെയാകുമെന്നും നോട്ടീസിലൂടെ ഓർമിപ്പിക്കുന്നു.
താങ്കളുടെ വായ്പ കാലാവധി അവസാനിച്ചെന്നും നോട്ടീസ് കിട്ടി പതിനഞ്ചു ദിവസത്തിനകം പലിശയും വായ്പാ തുകയും ഒരുമിച്ച് അടയ്ക്കാത്തപക്ഷം റവന്യൂറിക്കവറി നടപടികൾ സ്വീകരിക്കുമെന്നാണ് രജിസ്ട്രാർ നോട്ടീസ് മുഖാന്തിരമുള്ള ഭീഷണി.
അട്ടപ്പാടിയിലെ കർഷകർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കാർഷിക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ധനകാര്യ സ്‌ഥാപനങ്ങൾ ജപ്തിനോട്ടീസ് അയക്കരുതെന്നും അത്തരം നടപടികളുണ്ടായാൽ ബാങ്ക് അധികൃതർ ശിക്ഷാ നടപടികൾക്ക് വിധേയരാകുമെന്നും കൃഷിമന്ത്രി അട്ടപ്പാടിയിലെ ഒരു പൊതുവേദിയിൽ ഉറക്കെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കർഷകർക്ക് ജപ്തിനോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വില്ലേജ് ഓഫീസുകളിൽ നിന്ന് റവന്യൂ റിക്കവറി നോട്ടീസുകളും കർഷകർക്ക് ലഭിക്കുന്നത്. ജപ്തി നോട്ടീസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് വില്ലേജ് –ബാങ്ക് അധികൃതരുടെ പക്ഷം. മന്ത്രിയുടെ പ്രഖ്യാപനത്തിൽ മനസമാധാനം കണ്ടെത്തിയ കർഷകർ ജപ്തി നോട്ടീസ് ലഭിച്ചതോടെ ഭയചകിതരായിരിക്കുകയാണ്. ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഏതെങ്കിലും സംഘടനകളോ രാഷ്ര്‌ടീയ പാർട്ടികളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

Related posts