മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തംഗം തട്ടുപറന്പ് പേണ്ടാണം ഷെഫീഖിന്റെ വീട്ടുമുറ്റത്തെ മുന്തിരി കായ്ച്ചത് നാട്ടുകാർക്ക് കൗതുകമായി. ഒരു വർഷം മുന്പ് ഷെഫീക്ക് വീട്ടുമുറ്റത്ത് നട്ട മുന്തിരി രണ്ടാം തവണയാണ് കായ്ക്കുന്നത്. ഓടക്കാലി സർക്കാർ കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നാണ് ചെടി വാങ്ങിയത്. വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയും വളമായി നൽകിയ ചെടിയിൽനിന്ന് നല്ല വിളവാണ് ലഭിച്ചിരിക്കുന്നതെന്ന് ഷെഫീഖ് പറഞ്ഞു.
ഒരാഴ്ച മുന്പാണ് മുന്തിരി കായ്ച്ചത്. ചുടുള്ള കാലാവസ്ഥയിൽ അപൂർവമായി മാത്രമാണ് മുന്തിരി കായ്ക്കാറുള്ളത്. കടുത്ത വേനലിൽ വെള്ളത്തിനു പുറമേ ഐസും ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ ഈർപ്പം നിലനിർത്തിയാണ് പരിപാലിച്ചത്. മേഖലയിൽ മുന്തിരി ചെടികൾ വളരുമെങ്കിലും കായ്ക്കുന്നത് അപൂർവമായാണ്. പായിപ്ര പഞ്ചായത്ത് 12-ാം വാർഡംഗവും സഹകരണ സംഘം ജീവനക്കാരനുമായ ഷെഫീഖ് ചെറുപ്പം മുതൽ കൃഷിയിൽ തൽപരനാണ്.