മലയാറ്റൂർ: മലയാറ്റൂർ മാലിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തി. മണപ്പാട്ടുചിറയ്ക്കു സമീപമുള്ള മംഗലി ടോമിന്റെ ഫാമിലാണ് കാൽപാടുകൾ കണ്ടത്. കാല്പാടുകൾ പുലിയുടേതിനു സമാനമാണെന്ന് മലയാറ്റൂർ പ്രകൃതി പഠന കേന്ദ്രം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.കൃഷ്ണകുമാർ പറഞ്ഞു. ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടാകാമെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാത്രി ഫാമിൽ പൂട്ടിയിട്ടിരുന്ന നായ്ക്കൾ തുടൽ പൊട്ടിച്ച് പോയതാണ് സംശയത്തിനു ഇടയാക്കിയത്. ഇന്നലെ രാവിലെ ഉടമ ഫാമിലെത്തിയപ്പോൾ നായ്ക്കളെ പൂട്ടിയിട്ടിരുന്ന സ്ഥലത്ത് കാൽപാടുകളും കാഷ്ഠവും കണ്ടെത്തിയതിനെതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാദങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഫാമിലെ ഉടമസ്ഥനും തൊഴിലാളികളും കാവൽ നിന്നപ്പോൾ പുലിയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായി കാമറ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
ഒരു ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം നടത്തിയതിനുശേഷം വീണ്ടും സാന്നിധ്യം കണ്ടെത്തിയാൽ കൂട് സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാല്പാടുകൾ കണ്ടെത്തിയത് ജനവാസമേഖലയിലായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ മാസം മലയാറ്റൂർ ഇല്ലിത്തോടിലെ സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിന്നും പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുവച്ച് പിടികൂടിയിരുന്നു.