പ്രായത്തെ തോല്‍പിക്കുന്ന ശബ്ദം, പതിനായിരത്തില്‍പരം ഗാനങ്ങള്‍ മനപാഠം; വിനീത് ശ്രീനിവാസന്‍ അന്വേഷിച്ച ആ ഗായകനെ കണ്ടെത്തി; തെരുവുഗായകനായ കടയ്ക്കല്‍ സ്വദേശി മുഹമ്മദിനെക്കുറിച്ചറിയാം

vineethഇന്നലെ നടന്‍ വിനീത് ശ്രീനിവാസനു വേണ്ടി സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ച ആ ആനുഗ്രഹീത ഗായകനെ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി മുഹമ്മദാണ് ആ ഗായകന്‍.  പ്രജോദ് കടയ്ക്കല്‍ എന്ന പത്ര പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ വൈറലായ വീഡിയോയിലെ ഗായകനെ തേടി വിനീത് ശ്രീവനിവാസന്‍ രംഗത്തു വന്നതോടെ അന്വേഷണവുമായി സമൂഹ മാധ്യമം ഒന്നടങ്കം ഇറങ്ങുകയായിരുന്നു. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ കമന്റ് ബോക്സിലെത്തി നിരവധി പേര്‍ അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പരും ഷെയര്‍ ചെയ്തു. ഇതോടെയാണ് ഒരു ദിവസം നീണ്ടു നിന്ന അന്വേഷണത്തിന് പരിസമാപ്തിയായത്. സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് 68 വയസുകാരന്‍ മുഹമ്മദിന്റെ ജീവിതകഥയും. 28വര്‍ഷത്തോളം ചുമട്ട് തൊഴിലാളിയായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലായിരുന്നു ജോലി നോക്കിയിരുന്നത്.

ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഒരു അപകടത്തെ തുടര്‍ന്നാണ് ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയിലായത്. പോരാത്തതിന് പ്രായവുമേറി. അതോടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇപ്പോള്‍ പാട്ടാണ് ഉപജീവന മാര്‍ഗ്ഗം. കവലകളില്‍ കരോക്കെ വച്ച് പാട്ട് പാടും. മെക്ക് സെറ്റും ഓട്ടോ കൂലിയും നല്‍കി ബാക്കിയുള്ളതുമായി ജീവിക്കും. ആറായിരം രൂപ വരെ ചിലദിവസങ്ങളില്‍ ലഭിക്കാറുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വഴിയോരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് മുഹമ്മദ്. മാര്‍ഗഴിയില്‍ മല്ലിക പൂത്താന്‍ എന്ന ഗാനം എരുമേലി ബസ് സ്റ്റാന്‍ഡിനു വെളിയില്‍ ആലപിച്ചതാണ് പ്രജോദ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ കാണിച്ചത്.

തുടര്‍ന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ ഈ അജ്ഞാത ഗായകന്‍ താരമായി മാറി. ഒരു ദിവസം കൊണ്ട് ഏകദേശം ഇരുപത് ലക്ഷത്തോളം പേരാണ് ഗാനം കണ്ടത്. ഇതിനിടെ നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ശ്രദ്ധയിലും ഇത് പെട്ടു. ഈ കലാകാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന കുറിപ്പോടെ വിനീത് ആ ലൈവ് വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. മുന്‍പും ഇദ്ദേഹത്തിന്റെ ഗാനം ആരോ റെക്കോര്‍ഡ് ചെയ്തു യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. പതിനയ്യായിരത്തില്‍പരം പാട്ടുകള്‍ മുഹമ്മദിന് മനപാഠവുമാണ്. പ്രായത്തിന്റേതായ ശബ്ദമല്ല മുഹമ്മദിനെന്നാണ് ഇദ്ദേഹത്തിന്റെ ഗാനം കേട്ടിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

Related posts