പയ്യന്നൂർ: കോറോം നോർത്തിലെ ആർഎസ്എസ് കേന്ദ്രത്തിൽനിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബും വടിവാളുകളും പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ പോലീസ് റെയ്ഡ് തുടരുന്നു. ഇന്നലെ രാത്രി കോറോം ആലക്കാട് ഭാഗത്ത് റെയ്ഡ് നടത്തി. റെയ്ഡ് കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
പയ്യന്നൂർ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നടത്തിയ റെയ്ഡിലാണ് ഒരു ബോംബും ഒൻപത് വടിവാളുകളും പിടികൂടിയത്. ഇതിൽ നാല് വടിവാളുകളും ബോംബും സമീപകാലത്ത് നിർമിച്ചതാണെന്ന് പോലീസ് പറഞ്ഞു. ആയുധ നിർമാണം ഇപ്പോഴും സജീവമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്.
പത്തുവർഷം മുന്പ് ആർഎസ്എസ് വാങ്ങിയ സ്ഥലത്തെ ഷെഡിൽ നിന്നാണ് ബോംബും ആയുധങ്ങളും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സ്ഥലം ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ആയുധങ്ങൾ ഇവിടെ ആരെങ്കിലും കൊണ്ടുവന്ന് വച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ പലപ്പോഴും ആർഎസ്എസ് പ്രവർത്തകർ യോഗം ചേരാറുണ്ടെന്ന് നാട്ടുകാർ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. ഷെഡിന്റെ മൂലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പ്രചാരണസാമഗ്രികൾ സൂക്ഷിച്ച സ്ഥലത്ത് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ചനിലയിലായിരുന്നു വടിവാളുകൾ. ഷെഡിനു പുറത്ത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ ബക്കറ്റിൽ സൂക്ഷിച്ചനിലയിലായിരുന്നു സ്റ്റീൽ ബോംബ്.
കഴിഞ്ഞ മാസം 12ന് പാലക്കോട് പാലത്തിനു സമീപം ആർഎസ്എസ് കാര്യവാഹക് കക്കമ്പാറയിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടതിനെത്തുടർന്ന് ബിജെപി-ആർഎസ്എസ് സംഘങ്ങൾ പ്രതികാരത്തിനായി കോപ്പുകൂട്ടുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു റെയ്ഡ്.