മാള: റോഡിൽവച്ച് പരിചയപ്പെട്ട യുവതി വീട്ടിലെത്തി വൃദ്ധയുടെ മാലയുമായി കടന്നു. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പരേതനായ പ്ലാക്കിൽ ഇട്ടൂപ്പിന്റെ ഭാര്യയുടെ ഒന്നരപവന്റെ സ്വർണമാലയാണു യുവതി തന്ത്രപൂർവം തട്ടിയെടുത്തത്.
മാള ടൗണിൽവച്ച് പരിചയപ്പെട്ടശേഷം തനിക്കു ചേച്ചിയുടെ വീടു കാണണമെന്നു പറഞ്ഞ് യുവതി വൃദ്ധയോടൊപ്പം വീട്ടിലേക്കു വരികയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞെത്തിയ യുവതി താൻ കോടീശ്വരിയാണെന്നും വൃദ്ധയുടെ വീട് പൊളിച്ചുപണിയാൻ അഞ്ചുലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. തന്റെ കഴുത്തിൽ കിടന്ന മാല ഉൗരി വൃദ്ധയ്ക്കു കൊടുത്തശേഷം ഇത് അഞ്ചുപവൻ ഉണ്ടെന്നും ഇതു വിറ്റ് വീടിന്റെ പണി ആരംഭിക്കാനും പറയുകയായിരുന്നു.
വൃദ്ധയുടെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ മാല വാങ്ങി യുവതി കഴുത്തിലിടുകയും ചെയ്തു. ബാക്കി പണം ഭർത്താവ് നാളെ വീട്ടിലെത്തിക്കുമെന്നും യുവതി വൃദ്ധയെ പറഞ്ഞു വിശ്വസിപ്പിച്ച് പോകുകയായിരുന്നു. മാല വിൽക്കാൻ സ്വർണക്കടയിൽ ചെന്നപ്പോഴാണ് മുക്കുപണ്ടമാണെന്നും താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും വൃദ്ധയ്ക്കു മനസിലായത്. മാള പോലീസ് കേസെടുത്തു.