ആലപ്പുഴ: നടൻ ഫഹദ് ഫാസിലിനൊപ്പം സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവരെ തേടി സമൂഹമാധ്യമങ്ങളിൽ പരസ്യം വന്നതുമായി ബന്ധപ്പെട്ട് സിം കാർഡിന്റെ മേൽവിലാസം പോലീസിന്റെ ലഭിച്ചു. കൊച്ചി വില്ലിംഗ്ടൺ ഐലൻഡ് കെ.പി.കെ.മേനോന് റോഡ് ക്വാര്‍ട്ടര്‍ ഇ 46 ലെ ശരത്ചന്ദ്രന് എന്ന ആളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത സിം കാർഡുള്ള ഫോണിൽ നിന്നാണ് വാട്സ് ആപ്പ് മെസേജ് പോയിട്ടുള്ളത്. എന്നാൽ ശരത് ചന്ദ്രന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതാണോയെന്നും സംശയിക്കുന്നു.
ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിനു 13 – 21 പ്രായക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും ആവശ്യമുണ്ടെന്നാണു പരസ്യത്തിലുള്ളത്. അഭിനയത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ഫഹദുമായി രൂപസാദൃശ്യം മതിയെന്നുമാണു അവകാശവാദം. പരസ്യത്തിനൊപ്പം ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രവും നൽകിയിട്ടുണ്ട്.
പരസ്യം തട്ടിപ്പാണെന്നും സിനിമയുടെ അണിയറ പ്രവർത്തകരെക്കുറിച്ചു ഫഹദിന് അറിവില്ലെന്നും കാട്ടി പിതാവും സംവിധായകനുമായ ഫാസില്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൗത്ത് പോലീസ് ശരത്ചന്ദ്രനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.