നിലന്പൂർ: അല്പനേരത്തേക്ക് നിലന്പൂർ പോലീസ് സ്റ്റേഷൻ നഴ്സുമാരുടേയും രക്തം ദാനം ചെയ്യാൻ വന്നവരുടേയും രക്തമെടുക്കുന്നവരുടേയും തിരക്കിലേക്ക് മാറി. ഒരാശുപത്രിയുടെ അന്തരീക്ഷമായി നിലന്പൂർ പോലീസ് സ്റ്റേഷൻ മാറി. നിലന്പൂർ മേഖലയിൽ ഡെങ്കിപ്പനി വ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ രോഗികൾക്ക് രക്തം ആവശ്യമായി വരുന്നതിനാലാണ് നിലന്പൂർ തന്നെ ഇത്തരത്തിലൊരു പരിപാടിക്ക് തെരഞ്ഞെടുത്തത്.
ജില്ലാ പോലീസിന്റെ സഫലമാവട്ടെ ഈ യാത്ര എന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന റോഡ് സുരക്ഷാ ആചരണത്തിന്റെ ഭാഗമായാണ് നിലന്പൂർ പോലീസ് സറ്റേഷനിൽ രക്തദാനത്തിനുള്ള ക്യാന്പ് നടത്തിയത്. പോലീസ് സ്റ്റേഷനകത്ത് ആദ്യമായിട്ടായിരിക്കാം ഇത്തരത്തിലൊരു പദ്ധതി നടക്കുന്നത്. പെരിന്തൽമണ്ണ സർക്കാർ രക്തബാങ്കും നിലന്പൂർ പോലീസും നിലന്പൂരിലെ ഓട്ടോറിക്ഷാ ഡ്രൈവരമാരും സന്നദ്ധസേവ പ്രവർത്തകരും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
സംഭവം കേട്ടറിഞ്ഞതോടെ നിരവധി യുവക്കാളും സന്നദ്ധ സംഘടനാ പ്രവർത്തകരും വിദ്യാർഥികളും പദ്ധതിയിൽ പങ്കാളികളാവാൻ സ്റ്റേഷനിലെത്തി. അതോടെ ഇതൊരു വൻ പൊതുജനപങ്കാളിത്തത്തോടെയുള്ള പരിപാടിയായി മാറുകയും ചെയ്തു. എസ്ഐ മനോജ് പറയറ്റ, രക്തബാങ്ക് ജീവനക്കാരായ കെ.പി.നജീബ്, ഉനൈസ്, സജുല, സജ്ന, വിജിഷ, സത്യൻ തുടങ്ങിയവരും നേതൃത്വം നൽകി.