മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ചാന്ദ്നി വിവാഹിതയായി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് റോസിയെ ചാന്ദ്നി അവതരിപ്പിച്ചത്.
ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ചാന്ദ്നി സിനിമയിലെത്തിയത്. റോസിയുടെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച ചാന്ദ്നിക്ക് ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതുവരെ മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനൊരുങ്ങുന്ന വാക്കാണ് ഏറ്റവും പുതിയ ചിത്രം.
രണ്ടു ചിത്രങ്ങളിൽ പാടുകയും ചെയ്തു. കൊല്ലം വള്ളക്കടവ് സ്വദേശിയായ പ്രേംകുമാറിന്റെയും ഗീതയുടെയും മകളാണ് ചാന്ദ്നി. ഇപ്പോൾ തിരുവനന്തപുരം കേശവദാസപുരത്താണ് താമസം. തുന്പ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് എം.കോം. പൂർത്തിയാക്കിയ ചാന്ദ്നി ഇപ്പോൾ അവിടെ അധ്യാപികയായി ജോലി ചെയ്യുകയാണ്. മാധ്യമപ്രവർത്തകനായ ഇടപ്പഴഞ്ഞി രാധാകൃഷ്ണന്റെയും ബി.ലേഖയുടെയും മകനായ വിഷ്ണു കൊച്ചിയിലെ സ്വകാര്യ കന്പനിയിൽ മാർക്കറ്റിങ് മാനേജരാണ്.