കൽപ്പറ്റ: കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ ആസ്വാദകഹൃദയം കീഴടക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽ-സാറാമ്മ ദന്പതികളുടെ മകൾ എലിസബത്താണ് വധു. ഓഗസ്റ്റ് 17ന് സുൽത്താൻബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം. ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട.അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളിൽ ഇളയതാണ് ബേസിൽ. ഫാ. ജോസഫിന്റെ കാർമികത്വത്തിലായിരിക്കും വിവാഹം.
തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ പഠനകാലത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയതെന്ന് ബേസിൽ പറഞ്ഞു. ബേസിൽ തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എൻജിനിയറിംഗിനു പഠിക്കുന്പോൾ രണ്ട് വർഷം ജൂണിയറായിരുന്നു എലിസബത്ത്. എൻജിനീയറിംഗ് പൂർത്തിയാക്കിയ ഇവർ നിലവിൽ ചെന്നൈയിൽ ചേരിനിവാസികൾക്കിടയിൽ സാമൂഹികസേവനം നടത്തിവരികയാണ്.
സിനിമയിൽ എത്തിയത് അവിചാരിതമായി
കൽപ്പറ്റ: അവിചാരിതമായി സിനിമാരംഗത്ത് എത്തിയതാണ് ബേസിൽ. ബത്തേരി സെന്റ് ജോസഫസ് സ്കൂളിൽ സെക്കൻഡറിയും കൽപറ്റ എസ്കെ എംജെ സ്കൂളിൽ ഹയർ സെക്കൻഡറിയും പൂർത്തിയാക്കിയ ബേസിലിന്റെ ബാല്യകാല സ്വപ്നങ്ങളിൽ സിനിമ ഉണ്ടായിരുന്നില്ല. പഠിപ്പിൽ മിടുക്കനായിരുന്ന ബേസിലിനു പുസ്തകങ്ങളായിരുന്നു പ്രിയപ്പെട്ട കൂട്ടുകാർ.
എൻജിനിയറിംഗിനു പഠിക്കുന്പോഴും ബേസിൽ സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ബിരുദം നേടി ഇൻഫോസിസിൽ ജോലിയിൽ പ്രവേശിച്ചതിനുശേഷമാണ് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. വൈകാതെ കഥയും തിരക്കഥയും എഴുതി ‘പ്രിയംവദ കാതരയാണ്’ എന്ന പേരിൽ ഷോർട്ട് ഫിലം സംവിധാനം ചെയ്തു. 17 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം യു ട്യൂബിൽ അപ്ലോഡ് ചെയ്തതാണ് ബേസിലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
ഹ്രസ്വചിത്രം കണ്ട വിനീത് ശ്രീനിവാസൻ ‘തിര’ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാകാൻ അവസരം ഒരുക്കി. പിന്നാലെ അനൂപ് കണ്ണൻ സംവിധാനം ചെയ്ത ‘ഹോംലി മീൽസിൽ’ അഭിനയിച്ചു. ഇതോടെ മനസിൽ ഉരുണ്ടുകൂടിയ സിനിമാ മോഹങ്ങളാണ് ബേസിലിന് ജോലി രാജിവയ്ക്കാനും ‘കുഞ്ഞിരാമയണ’ത്തിന്റെ സംവിധായകനാകാനും പ്രചോദനമായത്. പിതാവ് ഉൾപ്പെടെ കുടുംബാംഗങ്ങളുടെ എതിർപ്പ് അവണിച്ചാണ് സനിമയിൽ ഉറച്ചുനിന്നത്. ‘ഗോദ’യും വിജയമായതോടെ തന്നോടും സിനിമയോടുമുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും സമീപനത്തിൽ കാതലായ മാറ്റം വന്നുവെന്ന് ബേസിൽ പറയുന്നു.