കേരളത്തിലെ മത്സ്യക്കർഷകർക്കു ഭീതി വേണ്ട. നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെയാണ്. കേന്ദ്രസർക്കാരിന്റെ ഉത്തരവിനെക്കുറിച്ച് പൂർണ അറിവു ലഭിക്കാതെ എടുത്തുചാടി മത്സ്യക്കൃഷി ഉപേക്ഷിക്കേണ്ട ആവശ്യവും ഇല്ല. കൈവശം വയ്ക്കാൻ കഴിയാത്ത മത്സ്യങ്ങളുടെയും ജീവികളുടെയും പട്ടികയിൽ 158 ഇനങ്ങളുടെ പേര് സർക്കാരിന്റെ ഉത്തരവിലുണ്ട്. എന്നാൽ, പട്ടികയിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ ഇനങ്ങളും സമുദ്രജലമത്സ്യങ്ങളും ജീവികളുമാണ്. ക്ലൗണ്ഫിഷ്, എയ്ഞ്ചൽ ഫിഷ്, ബട്ടർഫ്ളൈ ഫിഷ്, പാരറ്റ്, റാസ്, ടാങ് പോലുള്ള എല്ലാ മത്സ്യങ്ങളും സമുദ്ര ഇനങ്ങളാണ്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും ഇവയുടെ ഉത്പാദനം നടത്തിവരുന്നത്. കൂടാതെ സമുദ്രമത്സ്യങ്ങളിൽ ഏറിയ പങ്കും ശ്രീലങ്ക പോലുള്ള വിദേശരാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലെത്തുന്നതും. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ക്ലൗണ് ഫിഷ് ഫാമുണ്ട്. അവയെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രജനനവുമാണ് ഇവിടെ നടക്കുന്നത്. ഉത്തരവ് പ്രാബല്യത്തിലായാൽ ആദ്യം അടച്ചുപൂട്ടപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങളായിരിക്കും. നഷ്ടപ്പെടുന്നത് അവിടത്തെ ജീവനക്കാരുടെ ജോലിയും. ശുദ്ധജല മത്സ്യങ്ങൾക്ക് വിലക്കില്ല. ശുദ്ധജല മത്സ്യങ്ങളും പട്ടികയിലുണ്ടെന്ന ഭീതിയും വേണ്ട.
ഉത്തരവവിലെ 14-ാം പോയിന്റിലുള്ള നിർദേശങ്ങൾ രാജ്യത്ത് എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് സർക്കാരിന്റെ കീഴിലുള്ള മത്സ്യ ഏജൻസികൾക്കു പോലും അറിയില്ല. അക്വേറിയം ഉടമകൾക്ക് മുഴുവൻ സമയവും ഫിഷറീസ് വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന നിർദേശമാണ് ഇതിലുള്ളത്. ഈ നിർദേശം രാജ്യത്ത് നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. വിദഗ്ധൻ മാത്രമല്ല, അദ്ദേഹത്തിന് ഒരു സഹായിയെയും നിയമിക്കണം.
ഇന്ത്യയിൽ അലങ്കാരമത്സ്യകൃഷി കുടിൽവ്യവസായമാണ്. ചെറുകിട കർഷകർ വീടുകളിൽ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങൾ പല കൈകളിൽകൂടി കടന്നാണ് പൊതുവിപണിയിൽ എത്തുക. അതുകൊണ്ടുതന്നെ വലിയ വേതനം നല്കി വിദഗ്ധന്റെ സേവനം ഉറപ്പാക്കാൻ കർഷകർക്കോ ചെറു കടയുടമകൾക്കോ കഴിയില്ല. അങ്ങനെയുണ്ടായാൽ ഈ മേഖലതന്നെ ഉപേക്ഷിക്കേണ്ടതായിവരും. വൻകിട കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കും ഇതു നടപ്പാക്കാൻ കഴിഞ്ഞേക്കും.
മത്സ്യ ഏജൻസികളോട് അഭിപ്രായം ആരാഞ്ഞില്ല
മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്സ് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഡിഇഎ), സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) പോലുള്ള വിഭാഗങ്ങളുടെ അഭിപ്രായം ഉത്തരവ് തയാറാക്കുന്പോൾ ചോദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തെറ്റിദ്ധാരണ വേണ്ട
വർഷങ്ങൾക്കു മുന്പ് മുയൽ കർഷകർ അഭിമുഖീകരിച്ച പ്രശ്നങ്ങളിൽകൂടിത്തന്നെയാണ് ഇപ്പോൾ അലങ്കാരമത്സ്യ കർഷകരും കടന്നുപോകുന്നത്. മത്സ്യങ്ങളെ വിൽക്കുന്ന കടകളെയാണ് നിർദേശത്തിൽ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും പരോക്ഷമായി കർഷകരെയും പുതിയ നിർദേശങ്ങൾ പ്രതികൂലമായി ബാധിക്കും. വൻകിട കർഷകർക്ക് ആഗോളവിപണി മുന്നിലുള്ളപ്പോൾ കടകളിലും മറ്റും ചെറിയ തോതിൽ വില്പന നടത്തുന്ന ചെറുകിട കർഷകർക്കാണ് വെല്ലുവിളിയുണ്ടാവുക. എങ്കിൽപോലും പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന അഭ്യൂഹങ്ങൾ അലങ്കാരമത്സ്യ വിപണിയെത്തന്നെ തകർക്കാനുതകുന്നതാണ്. വീടുകളിൽ ശുദ്ധജല അലങ്കാര മത്സ്യങ്ങൾ വളർത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ വിൽക്കുന്നതി
നോ നിയമം എതിരല്ല. ഹർജി നല്കാൻ സമയമുണ്ട്
മേയ് 23നാണ് അലങ്കാരമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷൻ ഇറങ്ങിയത്. ഒരു മാസത്തെ സമയപരിധിയിൽ എതിർപ്പുകൾ സമർപ്പിക്കാൻ ജനങ്ങൾക്ക് സാവകാശമുണ്ട്. സർക്കാർ സഹായത്തോടെ വലിയ തോതിൽ ഈ മേഖലയിലേക്കിറങ്ങിയവർക്ക് വെല്ലുവിളിയാവുമെന്നതിനാൽ എംപിഡിഇഎ തന്നെ ഇതിനെതിരേ ഹർജി സമർപ്പിക്കാമെന്ന് ഉറപ്പുനല്കിയിട്ടുള്ളതായി മത്സ്യകർഷകനായ ഗിരീഷ് ഭട്ട് പറയുന്നു. ഈ മാസം 23 വരെ ഇതിനു സാവകാശമുണ്ട്. രാജ്യത്തെ പ്രധാന മത്സ്യഹബ്ബുകളായ കോൽക്കത്തയും ചെന്നൈയും പുതിയ ഉത്തരവിനെതിരേ നീക്കം തുടങ്ങിയിട്ടുണ്ട്.
മത്സ്യങ്ങൾക്കുമുണ്ട് ബുദ്ധിമുട്ടുകൾ
ഓരോ മത്സ്യത്തിനും അവയുടെ ആവാസവ്യവസ്ഥയിൽ വ്യത്യാസമുണ്ട്. ചെറിയ ജലാശയങ്ങളിൽ വളരേണ്ടവയെ വലിയ ജലാശയങ്ങളിൽ വളർത്തിയാൽ അവയുടെ ജീവിതചര്യതന്നെ മാറിപ്പോകും. തീറ്റലഭ്യത കുറയും. തന്മൂലം വളർച്ചയും ആയുസും കുറയും.
വേണം സർക്കാരിന്റെ സഹായം
സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയായതിനാൽ സ്വയംതൊഴിൽ എന്ന നിലയ്ക്ക് കേരളത്തിൽ വ്യാപകമായതാണ് അലങ്കാരമത്സ്യകൃഷി. കാവിൽ പോലുള്ള സർക്കാർ ഏജൻസികളുടെ കീഴിൽ നിരവധി ചെറുകിട കർഷകർ ഇന്ന് കേരളത്തിലുണ്ട്. കാവിലിന്റെ പ്രവർത്തനം നിന്നെങ്കിലും നിരവധി ചെറുകിട കർഷകർ ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. എറണാകുളം തൃശൂർ ഭാഗങ്ങളിലാണ് ചെറുകിട കർഷകർ ഏറെയുള്ളത്.
ടാങ്കുകളുടെ വലുപ്പം
13 ഗാലണ് അഥവാ 60 ലിറ്ററിൽ താഴെ വലുപ്പുമുള്ള ടാങ്കുകളിൽ മത്സ്യങ്ങളെ പാർപ്പിക്കരുതെന്ന് വിജ്ഞാപനത്തിന്റെ നാലാം പാർട്ടിൽ പറയുന്നു. ഒരിഞ്ച് വലുപ്പമുള്ള ഓരോ മത്സ്യത്തിനും ഒരു ചതുരശ്ര അടി വലുപ്പമുള്ള ടാങ്ക് ഒരുക്കണമെന്നും നിർദേശത്തിലുണ്ട്്. എന്നാൽപോലും മത്സ്യത്തിന്റെ പൂർണവളർച്ച അനുസരിച്ചു മാത്രമേ ടാങ്ക് തയാറാക്കാൻ പാടുള്ളൂ എന്നും പറയുന്നു. അതായത് അഞ്ച് ഇഞ്ച് വളരുന്ന മത്സ്യത്തിന്റെ ഒരിഞ്ച് വലുപ്പമുള്ള കുഞ്ഞിനു പോലും അഞ്ച് ചതുരശ്ര അടി വലുപ്പമുള്ള ടാങ്ക് വേണം. ഇതും അക്വേറിയം മേഖലയിൽ നടപ്പിലാക്കാൻ കഴിയില്ല. കടകളുടെ നിലനില്പിനുതന്നെയാണ് ഇവിടെ ഭീഷണിയാകുന്നത്.
മത്സ്യവുമായി ബന്ധമില്ലാത്ത ആനിമൽ വെൽഫെയർ ബോർഡ്
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കൊണ്ടുവന്നിട്ടുള്ള 1960ലെ നിയമത്തിലെ 38-ാം വകുപ്പു പ്രകാരമാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്തെ അലങ്കാര മത്സ്യവിപണനം മൃഗസംരക്ഷണ വകുപ്പു പ്രകാരമേ നടത്താൻ കഴിയൂ. അതുകൊണ്ടുതന്നെ ലൈസൻസ് നല്കേണ്ടവർക്ക് ഈ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് അലങ്കാരമത്സ്യകർഷകനായ മൂവാറ്റുപുഴ സ്വദേശി ശരത് അനിൽ പറയുന്നു.
-ഐബിൻ കാണ്ടാവനം-