വിലക്ക് വിലങ്ങായി? അമേരിക്കയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിൽ ഇടിവ്

america_01106017

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. വിദേശ സഞ്ചരികളുടെ സന്ദർശനത്തിൽ 16 ശതമാനത്തിന്‍റെ ഇടിവുണ്ടായെന്ന് ഇന്‍റർനാഷണൽ ബിസിനസ് ടൈംസ് നടത്തിയ പഠനത്തിൽ വ്യക്തമായി. 2017 മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഹോട്ടലുകളിൽ നിന്നോ വിമാനമത്താവളങ്ങളിൽ നിന്നോ ഉള്ള വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല പഠനം നടത്തിയതെന്നും പ്രശസ്തമായ വിനോദ സഞ്ചാര മേഖലകളിലുൾപ്പെടെ നടത്തിയ പഠനത്തെ അധികരിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഐബിടി അധികൃതർ അറിയിച്ചു.

ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതോടെ രാജ്യത്തെ ട്രംപ് വിരുദ്ധർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആറ് മുസ്ലീം രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കാണ് വിദേശീയരുടെ വരവിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണമെന്നാണ് വിമർശകരുടെ വാദം.

അതേസമയം, ട്രംപ് പ്രസിഡന്‍റായി അധികാരമേൽക്കുന്നതിന് രണ്ടുമാസം മുൻപ് മുതലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടതെന്ന് ഐബിടി അധികൃതർ വ്യക്തമാക്കി.എന്നാൽ ഈ വിവരങ്ങൾ യുഎസ് നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് തള്ളി. ഐബിടി പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന് പറഞ്ഞ അധികൃതർ വിദേശീയരുടെ വരവിൽ നാല് ശതമാനത്തിന്‍റെ കുറവ് മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കി.

Related posts