കൊച്ചിയില്‍ പ്രമുഖ നടിയ്ക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് നിരവധി നടികള്‍ സമാനമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. അഭിനയിക്കണമെങ്കില്‍ മാത്രമല്ല സിനിമാ സംഗീത രംഗത്തും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഇപ്പോഴിതാ ഗായികയും ആക്റ്റിവിസ്റ്റുമായ രശ്മി സതീഷ് രംഗത്തെത്തിയിരിക്കുന്നു. അങ്ങനെ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട് തന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങിയ സംഗീത സംവിധായകര്‍ മലയാളത്തിലുണ്ടെന്നും രശ്മി വെളിപ്പെടുത്തി.
കൂടെ കിടന്നാല്‍ മാത്രമേ പാട്ട് പാടാന്‍ അവസരം നല്‍കൂ എന്ന് പറയുന്നവരുടെ അടുത്ത് നമുക്ക് വേണ്ടത് തീരുമാനിക്കാം. ഇഷ്ടമുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവരെ വിട്ടേക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. അതൊക്കെ അവരുടെ ചോയിസ് ആണെന്നും രശ്മി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് രശ്മി പറഞ്ഞു. ചിലപ്പോള്‍ ഒരേ വ്യക്തിയില്‍ നിന്ന് തന്നെയാണ് രണ്ടു പേര്‍ക്കും ദുരനുഭവമുണ്ടായിട്ടുള്ളത്. എല്ലാവരും കൂടെ ഇരുന്ന് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പുറത്ത് വരുന്നതെന്നും രശ്മി പറഞ്ഞു. ഇത്തരം അവസരങ്ങളില്‍ സാഹചര്യം അനുസരിച്ചാണ് പ്രതികരിക്കുന്നത്. നമ്മള് എവിടെയാണ് നില്‍ക്കുന്നത്. അയാള്‍ നമ്മളേക്കാള്‍ ബലവാനാണോ, പ്രതികരിച്ചാല്‍ നമ്മള് കുടുങ്ങുമോ എന്നൊക്കെ നോക്കി വേണം പ്രതികരിക്കാനെന്നും രശ്മി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രശ്മി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.