ബര്മിംഗ്ഹാം: ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിൽ കടന്നു. ഗ്രൂപ്പ് ബിയിലെ നിർണായകമായ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ശിഖർ ധവാന്റെയും (78) നായകൻ വിരാട് കോഹ്ലിയുടേയും (76) അർധ സെഞ്ചുറി മികവിലാണ് ഇന്ത്യൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 38 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ബോളിംഗിലും ബാറ്റിംഗിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇന്ത്യൻ ജയം. ദക്ഷിണാഫ്രിക്കയുടെ കുഞ്ഞൻ സ്കോറിനെ പിന്തുടർന്ന ഇന്ത്യ അനായാസമായാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യയെ ഒരിക്കൽപോലും പ്രതിരോധിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. രോഹിത് ശർമയെ (12) തുടക്കത്തിലേ വീഴ്ത്താനായെങ്കിലും പിന്നീടങ്ങോട്ട് ഡ്രൈവിംഗ് സീറ്റിൽ ധവാനും കോഹ്ലിയും മാറിമാറി കയറിയിരുന്നു.
83 പന്ത് നേരിട്ട ധവാൻ 13 തവണയാണ് പന്തിനെ അതിർത്തി കടത്തിയത്. ഒരു സിക്സും ഉൾപ്പെടെ ആകെ നേടിയ 78 റൺസിൽ 54 റൺസും ബൗണ്ടറിയിലൂടെയാണ് ധവാൻ അടിച്ചുകൂട്ടിയത്. ധവാൻ പുറത്തായ ശേഷമെത്തിയ യുവരാജ് (24) കൂടുതൽ പരിക്കില്ലാതെ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. കോഹ്ലിയും യുവരാജും പുറത്താകാതെ നിന്നു.
നേരത്തെ ഓപ്പണർ ഡികോക്കിന്റെ (53) അർധസെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റിന് 140 എന്ന നിലയിൽനിന്നാണ് ദക്ഷിണാഫ്രിക്ക തകർന്നത്. 44.3 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായി. ഡികോക്കിനെ കൂടാതെ ഹാഷിം അംലയും (35) ഡുപ്ലസിയും (36) മാത്രമാണ് സ്കോർബോർഡിൽ കാര്യമായ സംഭാവ നൽകിയത്.
മധ്യനിരയേയും വാലറ്റത്തേയും തകർത്താണ് ദക്ഷിണാഫ്രിക്കയെ ചെറുസ്കോറിലേക്ക് ഇന്ത്യ ഒതുക്കിയത്. ഓപ്പണർമാരായ ഡികോകും അംലയും മികച്ച തുടക്കം നൽകിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് മുതലാക്കാനായില്ല. മൂന്നാമനായെത്തിയ ഡുപ്ലസിയും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
തുടർച്ചയായ രണ്ട് റണ്ണ് ഔട്ടുകളാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുലച്ചത്. ക്യാപ്റ്റൻ എബി ഡി വില്ലേഴ്സും (16) ഡേവിഡ് മില്ലറും (1) അടുത്തടുത്ത ഓവറുകളിൽ റൺ ഔട്ടായതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. ജെപി ഡുമിനി (20) പുറത്താകാതെ നിന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വാലറ്റത്തുനിന്ന് പിന്തുണ ലഭിച്ചില്ല.
24 റൺസ് എടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകൾ നിലംപൊത്തിയത്. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ പിടിച്ചുകെട്ടിയത്. ഭുവനേശ്വർ കുമാറും ബുംമ്രയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ മറ്റുള്ളവർ ഓരോ വിക്കറ്റുവീതം വീതംവച്ചു.