നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2016ലെ ഫിനാൻസ് ആക്റ്റ് അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണകളായി മുൻകൂർ നികുതി അടയ്ക്കണം. അവ അടയ്ക്കേണ്ട തീയതിയും അടയ്ക്കേണ്ട തുകയും താഴെ പറയുന്നു.
മുൻകാലങ്ങളിൽ കന്പനികൾ ഒഴികെയുള്ള എല്ലാ നികുതിദായകരും മുൻകൂർ ആദായനികുതി അടയ്ക്കേണ്ടിയിരുന്നത് മൂന്നു തവണകളായിട്ടായിരുന്നു. ആദ്യ ഗഡുവായ 30 ശതമാനം നികുതി സെപ്റ്റംബർ 15നു മുന്പായിട്ടും രണ്ടാമത്തെ ഗഡു ഡിസംബർ15നു മുന്പായിട്ടും അവസാന ഗഡു മാർച്ച് 15നു മുന്പായിട്ടും ആയിരുന്നു അടയ്ക്കേണ്ടിയിരുന്നത്. കന്പനികളുടെ മുൻകൂർ ആദായനികുതി നാലു തവണകളായിട്ടാണ് മുൻകാലങ്ങളിലും അടയ്ക്കേണ്ടിയിരുന്നത്.
അനുമാന നികുതിദായകർ മുൻകൂർ നികുതി 15നു മുന്പ് അടയ്ക്കേണ്ടതില്ല
ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തരമോ ഡ്രാഫ്റ്റ് മുഖാന്തരമോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ ആണെങ്കിൽ ആറു ശതമാനം വരുമാനം) അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്കു മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതി നിയമം ബാധകമല്ല. അങ്ങനെയുള്ള നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2018 മാർച്ച് 15നു മുന്പായി അടച്ചാൽ മതി.
അതായത് 2017-18 സാന്പത്തികവർഷത്തേക്കുള്ള മുൻകൂർ നികുതി അനുമാന നികുതിയായി അടയ്ക്കുന്ന നികുതിദായകർ 2018 മാർച്ച് 15നു മുന്പായി ഒറ്റത്തവണയായി അടയ്ക്കേണ്ടതാണ്. നികുതിദായകന് മൂലധനനേട്ടം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ നികുതിയും ഒറ്റത്തവണയായി അടുത്ത നിർദിഷ്ട തീയതിക്കു മുന്പായി അടയ്ക്കേണ്ടതുണ്ട്.
ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെ കൂടെ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവയുംകൂടി കണക്കിലെടുത്തു വേണം മുൻകൂർ നികുതി നിശ്ചയിക്കാൻ. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയിൽനിന്നും 10 ശതമാനം നിരക്കിൽ മാത്രമാണ് റസിഡന്റ് സ്റ്റാറ്റസിലുള്ള നികുതിദായകരുടെ പക്കൽനിന്നും സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് പരമാവധി നികുതി നിരക്കുകൾ 30 ശതമാനമായതിനാൽ സ്രോതസിൽ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങൾകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുവേണ്ടിയുള്ള മൊത്തവരുമാനം നിശ്ചയിക്കേണ്ടത്.
മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നു വരുമാനം ഇല്ലെങ്കിൽ മുൻകൂർ നികുതിയിൽ ഇളവ്
ആദായനികുതി നിയമം 208ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതിബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ, ഇന്ത്യയിൽ റസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമൊന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. മുൻകൂർ നികുതിയിൽനിന്നും കിഴിവ് ലഭിക്കണമെങ്കിൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം.
1) നികുതിദായകൻ വ്യക്തിയായിരിക്കണം.
2) നികുതിദായകൻ ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയിൽ റസിഡന്റായിരിക്കണം
3) നികുതിദായകന് പ്രസ്തുത സാന്പത്തികവർഷത്തിൽ എന്നെങ്കിലും 60 വയസിൽ കൂടിയിരിക്കണം.
4) നികുതിദായകന് ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്.
ഇങ്ങനെയുള്ളവർ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.
ആദായനികുതി ബാധ്യത 10,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ മുൻകൂർ നികുതി അടയ്ക്കേണ്ടതുള്ളൂ. 10,000 രൂപയിൽ കൂടുതൽ വരുന്ന സാഹചര്യങ്ങളിലും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ മുൻകൂർ നികുതിബാധ്യത ഉണ്ടാകുന്നതല്ല.
എന്നാൽ, ഇന്ത്യയിൽ റസിഡന്റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കുന്നതല്ല. ഇന്ത്യയിൽ റസിഡന്റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിലും മുതിർന്ന പൗരന്മാർ ആണെങ്കിൽ പോലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. മുൻകൂർ നികുതിയിൽ ഒഴിവ് ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന വ്യവസ്ഥ നികുതിദായകൻ വ്യക്തിയായിരിക്കണമെന്നുള്ളതാണ്. അതായത് പാർട്ണർഷിപ്പ് സ്ഥാപനങ്ങളോ കന്പനികളോ മറ്റു സ്റ്റാറ്റസിലുള്ളവരോ ഈ കിഴിവിന് അർഹരല്ല.