വാക്കുപറഞ്ഞാല്‍ വാക്കായിരിക്കേണ്ടേ! വാക്കിന് വിലയില്ലാത്തവന്‍ എന്ന് എന്നെയാരും വിളിക്കരുത്; തെരഞ്ഞെടുപ്പു പ്രവചനം ഫലിച്ചില്ല; ബ്രിട്ടീഷ് എഴുത്തുകാരന്‍ ലൈവായി സ്വന്തം ബുക്ക് തിന്ന് വാക്കുപാലിച്ചു

mathew-gudwinവാതുവയ്പ്പുകള്‍ പലതും നടത്തിയതിനുശേഷം തോറ്റുകഴിയുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന രീതിയില്‍ പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയതിന് സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ചാണ് ബ്രിട്ടീഷ് എഴുത്തുകാരന്‍ വ്യത്യസ്തനാവുന്നത്. രാഷ്ട്രീയ വിദഗ്ധനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിന്‍ ആണ് സ്‌കൈ ന്യൂസിന്റെ ലൈവ് ഷോയില്‍ തന്റെ വാക്ക് പാലിക്കുന്നതിനായി പുസ്തകം തിന്നത്. ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് പോലും നേടില്ലെന്നും അത്രയും നേടിയാല്‍ സന്തോഷത്തോടെ താന്‍ തന്റെ ബ്രെക്സിറ്റ് എന്ന പുസ്തകം തിന്നാമെന്നായിരുന്നു മാത്യു ഗുഡ് വില്ലിന്റെ വെല്ലുവിളി.

എന്നാല്‍ ഗുഡ്വിന്റെ എല്ലാ പ്രവചനങ്ങളേയും തെറ്റിച്ച് തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബെയിന്‍ നയിച്ച ലേബര്‍ പാര്‍ട്ടി 40.3 ശതമാനം വോട്ടുകളാണ് നേടിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ പിന്നീട് ഗുഡ്‌വിന്നിന് വാക്കു പാലിക്കാതിരിക്കാന്‍ പറ്റാതെ വന്നു. ഫലം പുറത്തു വന്നതിനു ശേഷം നടന്ന ഷോയില്‍വെച്ച് വാക്ക് പാലിക്കണമെന്ന അഭിപ്രായം ഉയരുകയും ചെയ്തു. തുടര്‍ന്ന് താന്‍ ബെറ്റ് വെച്ചതു പോലെ ചെയ്യാമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. ഒകെ, നിങ്ങള്‍ വിജയിച്ചു. ഇന്ന് വൈകുന്നേരം 4.30ന് സ്‌കൈ ന്യൂസില്‍ താന്‍ പുസ്തകം കഴിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഒടുവില്‍ സ്‌കൈ ന്യൂസിന്റെ ലൈവ് പരിപാടിക്കിടെ ഗുഡ് വിന്‍ തന്റെ പുസ്തകം കഴിക്കുകയായിരുന്നു. താന്‍ ഒരിക്കലും തന്റെ വാക്ക് പാലിക്കാത്ത ആളാണെന്ന് പറയരുതെന്നും ഗുഡ് വിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

https://youtu.be/XAKzo2UrASI

Related posts