പാലക്കാട്: രാജ്യത്തെ ഭക്ഷ്യവ്യവസായ രംഗം ഉൗർജ്ജിതമാക്കി കർഷകരുടെ സാന്പത്തിക ഭദ്രത ഉറപ്പാക്കുകയാണു കേന്ദസർക്കാരിന്റെ ലക്ഷ്യമെന്നു കേന്ദ്ര ഭക്ഷ്യസംസ്കരണ-വ്യവസായ മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ പറഞ്ഞു. കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ്പാർക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
2022-ഓടെ കർഷകരുടെ വരുമാനം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുന്നതിനുള്ള പ്രവർത്തനമാണു കേന്ദ്ര സർക്കാർ നടത്തി വരുന്നത്. ഭാരതത്തിൽ കാർഷികോത്പാദനം 10 ശതമാനം മാത്രമേ നടക്കുന്നുള്ളൂ. ഇത്തരം ഫുഡ്പാർക്കുകൾ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ കാർഷികരംഗത്തെ നിരവധി പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. കേരളത്തിലെ രണ്ടു മെഗാ ഫുഡ്പാർക്കുകളും സജീവമാകുന്നതോടെ 500 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്.
അതുവഴി 5000 യുവാക്കൾക്കു തൊഴിൽ ലഭ്യമാകുന്നതിനു പുറമെ 25,000 ത്തോളം കർഷകർക്കു പാർക്കുകൾ തൊഴിൽ-സാന്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജന ഉത്പാദകർക്കുകൂടി ഗുണം ചെയ്യുന്ന 6,000 കോടിയുടെ ഒരു കാർഷിക പദ്ധതി ഉടൻ യാഥാർഥ്യമാകും. സ്വകാര്യ യൂണിറ്റുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി എല്ലാ സംസ്ഥാനങ്ങളിലേയും കർഷകർക്കു ഗുണകരമായ തരത്തിൽ സബ്സിഡി പ്രദാനം ചെയ്തുകൊണ്ടാവും പദ്ധതി ആവിഷ്കരിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.