പറവൂർ: കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുന്പോൾ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളെ പറവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി പറവൂർ-വെടിമറ കാഞ്ഞിരപ്പറമ്പിൽ അബ്ദുള്ള (26), രണ്ടാം പ്രതി ചേന്ദമംഗലം കൂട്ടുകാട് വെള്ളിമുക്കം വിഷ്ണു പ്രദീപ് (21), അഞ്ചാം പ്രതി വെടിമറ തോട്ടുംപറമ്പിൽ സജാദ് സലിം (27), 19-ാം പ്രതി ചാത്തനാട് കണിച്ചാടൻപറമ്പിൽ വിനോദ് മോഹനൻ (26), 18-ാം പ്രതി ചെറായി മുസ്ലിം പള്ളിക്കു സമീപം കബാലിപറമ്പിൽ ഷെമീർ മുഹമ്മദാലി (26) എന്നിവരെയാണ് പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളായവരിൽ ഇനിയും പിടികിട്ടാനുള്ള പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് സൂചന നൽകി. കേസിൽ അഞ്ച് പ്രതികളെ കൂടി പോലീസ് കഴിഞ്ഞ ദിവസം പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുവരെ ഒന്പത് പ്രതികളാണ് പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതിയടക്കമുള്ളവരാണ് ഒടുവിൽ അറസ്റ്റിലായത്. കൊടുങ്ങല്ലൂർ അഴിക്കോടുള്ള ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് അറിയിച്ചു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പെൺകുട്ടിയുടെ പിതാവിനെ കാറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലും പ്രതികളാണ്. ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന അഴീക്കോട്ടെ വീടിന്റെ ഉടമയേയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.
കഴിഞ്ഞമാസം 24 നായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കാർ തടഞ്ഞ് സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കണ്ടെത്തിയ പെൺകുട്ടിയെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയേത്തുടർന്ന് എറണാകുളത്തെ വനിതാ ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കൾക്ക് പെൺകുട്ടിയെ കാണുവാനുള്ള അനുവാദവും കോടതി നൽകിയിട്ടുണ്ട്.
കേസിൽ ഒന്നാം പ്രതിയായ അബ്ദുള്ളയുടെ പിതാവ് ബിജിലിയെ ഗൂഢാലോചനയ്ക്ക് നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. കേസിൽ ആദ്യം പിടികൂടിയ പറവൂർ സ്വദേശി യഹിയ തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ സബ് ഇൻസ്പെക്ടറെ ചവിട്ടിവീഴ്ത്തി കൈവിലങ്ങുകളോടെ രക്ഷപ്പെട്ടിരുന്നു.
യഹിയയെ ഇതുവരെ പിടികൂടാനായിട്ടില്ല. തമിഴ്നാട്ടിലേയ്ക്ക് കടന്നു കളഞ്ഞതായി പോലീസിന്റെ വിവരം. തട്ടിക്കൊണ്ടുപോയതിലും ഗൂഡാലോചനയിലടക്കം പത്തിലധികം പ്രതികളെ പിടികൂടാനുണ്ട്. അടുത്തമാസം അഞ്ചിനാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.