രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഇസ്രയേലും പലസ്തീനും. എന്നാൽ അധികാരികൾ തമ്മിൽ മാത്രമേ പ്രശ്നമുള്ളു. രാജ്യത്തെ ജനങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഇസ്രേലി നഴ്സ്. അപകടത്തിൽ പരിക്കേറ്റ പലസ്തീൻ യുവതിയുടെ കുട്ടിക്ക് ഉലാ ഒസ്ട്രോവ്സ്കി എന്ന നഴ്സ് മുലപ്പാൽ നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ വൈറലാകുന്നത്.
അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നായിരുന്നു പാലസ്തീൻ സ്വദേശിനിയായ യുവതിയേയും കുട്ടിയേയും ഇസ്രയേലിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. വിശന്നു കരയുകയായിരുന്ന ഇവരുടെ ഒന്പത് മാസം പ്രായമുള്ള മകൻ യമാൻ അബു രമിലയ്ക്ക് കുപ്പിപ്പാൽ നൽകാൻ ഈ നഴ്സ് ഏഴു മണിക്കൂർ പരിശ്രമിച്ചു. എന്നാൽ കുഞ്ഞ് ഇതു നിരസിക്കുകയായിരുന്നു. പിന്നീടാണ് ഈ നഴ്സ് കുഞ്ഞിനെ മുലയൂട്ടാൻ തീരുമാനിച്ചത്. ഇസ്രായേൽ സ്വദേശിനിയായ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടിയത് അദ്ഭുതപ്പെടുത്തിയെന്നാണ് പലസ്തീൻകാരി പറഞ്ഞത്. പക്ഷെ എല്ലാ അമ്മമാരും ചെയ്യുന്നത് മാത്രമേ താനും ചെയ്തുള്ളു എന്നാണ് ഈ നഴ്സിന്റെ മറുപടി.
ഒരു ഇസ്രേലി തന്റെ കുഞ്ഞിന് മുലപ്പാൽ നൽകിയതിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് പലസ്തീൻ സ്വദേശിനി ആശങ്കപ്പെട്ടപ്പോൽ ഉല അതിനും പരിഹാരം കണ്ടുപിടിച്ചു. നഴ്സിംഗ് അമ്മമാരുടെ ഫേസ്ബുക്ക് പേജിൽ കുട്ടിക്ക് മുലപ്പാൽ നൽകുന്ന ചിത്രങ്ങളിട്ടു. നിരവധിയാളുകളാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രാജ്യത്തെ ജനങ്ങൾ തമ്മിലില്ല എന്നു തെളിയിക്കുന്ന ഈ വീഡിയോ എല്ലാവർക്കും ഒരു പാഠമാണ്.