ചിങ്ങവനം: ആറാംക്ലാസ് വിദ്യാർഥിയെ മയക്കുഗുളികനൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ചിങ്ങവനം പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് കുഴിമറ്റം വെള്ളുത്തുരുത്തി പുത്തൻപറന്പിൽ അനിൽകുമാറിനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു.
കഴിഞ്ഞ 10നാണ് കേസിനാസപദമായ സംഭവം നടക്കുന്നത്. പനച്ചിക്കാട് സ്വദേശിയായ വിദ്യാർഥിയെ വീട്ടിലെത്തിയ കൂട്ടുകാരൻ മറ്റൊരു കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയി. കൂട്ടുകാരന്റെ പിതാവായ കുഴിമറ്റം വെള്ളുത്തുരുത്തി പുത്തൻപറന്പിൽ അനിൽകുമാർ വിദ്യാർഥിയെ വശീകരിച്ച് ജ്യൂസ് നൽകി. ജ്യൂസ് കൊടുക്കുന്നതിനു മുന്പായി ഗുളിക രൂപത്തിലുള്ള ഒരു വസ്തു വിദ്യാർഥിയുടെ വായിൽവച്ചുകൊടുക്കുകയും ചെയ്തു.
തുടർന്ന് ഏതാനും നിമിഷങ്ങൾക്കകം വിദ്യാർഥി ബോധരഹിതനായി വീണു. ഇതുകണ്ട വിദ്യാർഥിയുടെ കൂട്ടുകാരൻ അനിൽകുമാറിനോട് കാര്യങ്ങൾ ചോദിച്ചു. ഇയാൾ കൂട്ടുകാരനെ അസഭ്യംപറഞ്ഞ് ഓടിച്ചുവിട്ടു. പിന്നീട് വൈകുന്നേരം അഞ്ചോടെ വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നു വീടിനു സമീപം ഇറക്കിവിട്ടു.
വീട്ടിലെത്തിയ വിദ്യാർഥി ബോധരഹിതനാവുകയും തുടർന്ന് നാട്ടുകാർ ചേർന്ന വിദ്യാർഥിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥി നിലവിൽ കുട്ടികളുടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അനിൽകുമാർ നിരവധി കഞ്ചാവുകേസിൽ പ്രതിയാണെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.